ഉണ്ണി മുകുന്ദനെതിരായ കേസില്‍ വാദം മറ്റാന്നാള്‍ തുടരും; പരാതി ഉയരുന്നത് 6 വര്‍ഷങ്ങള്‍ക്ക് മുന്‍പ്

Spread the love

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം ഉണ്ണി മുകുന്ദനെതിരായ കേസ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പേരില്‍ ഉണ്ണി മുകുന്ദനെതിരെയെടുത്ത കേസ് 2021 ല്‍ ഒത്തുതീര്‍പ്പായെന്നാണ് ഉണ്ണി മുകുന്ദന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഒത്തുതീര്‍പ്പാക്കിയെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വ്യാജമാണെന്നാണ് പരാതിക്കാരി പറഞ്ഞത്. ഇതോടെയാണ് കേസ് വീണ്ടും ചര്‍ച്ചയായത്.

എന്തായിരുന്നു ആ കേസ് ?

2017 ഓഗസ്റ്റ് 23നാണ് കേസിനാസ്പദമായ സംഭവം. തിരക്കഥാ രചനയുടെ കോഴ്‌സ് പൂര്‍ത്തിയാക്കിയ വ്യക്തിയാണ് പരാതിക്കാരി. സംഭവ ദിവസം ഒരു സിനിമയുടെ കഥ പറയാന്‍ മുന്‍കൂര്‍ അനുവാദം വാങ്ങി ഉണ്ണി മുകുന്ദന്റെ ഫഌറ്റില്‍ പരാതിക്കാരി എത്തി. എന്നാല്‍ കഥ കേള്‍ക്കാന്‍ ഉണ്ണി മുകുന്ദന്‍ താത്പര്യം പ്രകടിപ്പിച്ചില്ല. ഒടുവില്‍ തിരക്കഥ കൊണ്ടുവരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനായി ഫഌറ്റില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ തുനിഞ്ഞ യുവതിയെ ഉണ്ണിമുകുന്ദന്‍ ബലമായി കയറിപിടിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. യുവതി എതിര്‍ക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ ഉണ്ണി മുകുന്ദന്‍ അവരെ വിട്ടയക്കുകയായിരുന്നു. തുടര്‍ന്ന് 2017 സെപ്റ്റംബര്‍ 15ന് യുവതി പൊലീസില്‍ പരാതി നല്‍കി. 2018 സെപ്റ്റംബര്‍ 7ന് യുവതി കോടതിയില്‍ നേരിട്ട് മൊഴിയും നല്‍കി.
പരാതിക്കാരിക്കെതിരെ മറുപരാതി നല്‍കിയാണ് ഉണ്ണി മുകുന്ദന്‍ പ്രതിരോധം തീര്‍ത്തത്. തന്റെ തിരക്കഥ അംഗീകരിച്ചില്ലെങ്കില്‍ പീഡനക്കേസില്‍ കുടുക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്നതായിരുന്നു ഉണ്ണി മുകുന്ദന്റെ ആദ്യ ആരോപണം. യുവതിക്ക് 25 ലക്ഷം രൂപ നല്‍കുകയോ, അല്ലെങ്കില്‍ പരാതിക്കാരിയെ വിവാഹം കഴിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ അഭിഭാഷകന്‍ എന്നവകാശപ്പെടുന്ന വ്യക്തി തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഉണ്ണി മുകുന്ദന്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് ഒറ്റപ്പാലം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. ഈ കേസ് പിന്നീട് ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലേക്ക് മാറ്റി. ഇതിനിടെ തന്റെ പേരും ചിത്രങ്ങളും പുറത്തുവിട്ടുവെന്ന് കാണിച്ച് യുവതി മറ്റൊരു പരാതി കൂടി നല്‍കിയിട്ടുണ്ട്.

നിലവിലെ സാഹചര്യം

സ്ത്രീത്വത്തെ അപമാനിച്ചെന്ന ഉണ്ണി മുകുന്ദനെതിരായ ഹര്‍ജിയില്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ അനുമതി തേടിയിരിക്കുകയാണ് അഡ്വ. സൈബി ജോസ്. തന്റെ ഭാഗം അവതരിപ്പിക്കാന്‍ സമയം അനുവദിക്കണമെന്ന് ഹര്‍ജിക്കാരിയും വ്യക്തമാക്കിയിട്ടുണ്ട്. കേസ് മറ്റന്നാള്‍ കേള്‍ക്കും.
കേസ് 2021 ല്‍ ഒത്തുതീര്‍പ്പായെന്നാണ് ഉണ്ണി മുകുന്ദന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഒത്തുതീര്‍പ്പാക്കിയെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വ്യാജമാണെന്നാണ് പരാതിക്കാരി പറയുന്നത്. അതുകൊണ്ട് തന്നെ വിഷയത്തില്‍ ഉണ്ണി മുകുന്ദനോടും അഭിഭാഷകനോടും വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.
ഇത് സംബന്ധിച്ച രേഖകള്‍ തന്റെ കൈവശമുണ്ടെന്നും, അത് സമര്‍പ്പിക്കാന്‍ സമയം നല്‍കണമെന്നുമാണ് അഡ്വ. സൈബി ജോസ് പറഞ്ഞത് . ഇതിന് കോടതി അനുവാദം നല്‍കി. തനിക്ക് കുറച്ചിധകം കാര്യങ്ങള്‍ കേസില്‍ പറയാനുണ്ടെന്ന ആവശ്യം ഹര്‍ജിക്കാരിയും മുന്നോട്ടുവച്ചു. രണ്ടിലും വിശദമായ വാദം കേള്‍ക്കാനാണ് കോടതി തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *