പ്രണയം പുറത്തറിഞ്ഞതോടെ 34കാരി ജീവനൊടുക്കി; പിടിയിലാകുമെന്ന് ഭയന്ന് കാമുകന് ആസിഡ് കുടിച്ച് മരിച്ചു
കോയമ്പത്തൂര്‍: കാമുകനുമായുള്ള ബന്ധം പുറത്തറിഞ്ഞതിനെത്തുടര്‍ന്ന് യുവതി ആത്മഹത്യചെയ്തു. യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ പോലീസ് പിടിയിലാകുമെന്നുഭയന്ന് കാമുകന് വെള്ളലൂര്‍ സ്വദേശിയായ 49കാരനും ആസിഡ് കഴിച്ച് മരിച്ചു.
പോത്തന്നൂര്‍ സ്വദേശിനിയായ 34കാരിയാണ് നാണക്കേടുഭയന്ന് തൂങ്ങിമരിച്ചതെന്ന് പോലീസ് പറഞ്ഞു. വിവാഹിതയായ യുവതിക്ക് രണ്ട് മക്കളുണ്ട്. വെള്ളലൂര്‍ സ്വദേശിയായ കാമുകനും ഭാര്യയും രണ്ട് മക്കളുമുണ്ട്.സാമൂഹിക മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട ഇരുവരും തമ്മില്‍ ആറുവര്‍ഷമായി ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കാമുകന്റെ കൈവശം യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഉണ്ടായിരുന്നു. അടുത്തിടെ ഇരുവരും തെറ്റിപ്പിരിഞ്ഞപ്പോള്‍ ദൃശ്യങ്ങള്‍ യുവതിയുടെ സഹോദരിക്ക് അയച്ചുകൊടുത്തു. പകരം പണം വേണമെന്ന് ആവശ്യപ്പെട്ടു. സഹോദരി വിളിച്ച് അന്വേഷിച്ചപ്പോഴാണ് യുവതി ജീവനൊടുക്കിയത്.
ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് വെള്ളല്ലൂര്‍ സ്വദേശി ആസിഡ് കഴിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നു.