ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന വിവാദ ഉത്തരവ് കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ് പിന്‍വലിച്ചു
ന്യൂഡല്‍ഹി: പ്രണയദിനമായി ആചരിക്കുന്ന ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന വിവാദ ഉത്തരവ് കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ് പിന്‍വലിച്ചു. ഫെബ്രുവരി ആറിന് ഇറക്കിയ ഉത്തരവാണ് ഇന്ന് പിന്‍വലിച്ചത്. എന്ത് കാരണത്തലാണ് നേരത്തേ ഇറക്കിയ ഉത്തരവ് പിന്‍വലിക്കുന്നതെന്ന് മൃഗക്ഷേമ ബോര്‍ഡ് സര്‍ക്കുലറില്‍ പറയുന്നില്ല.
പശു ആലിംഗന ദിവസം ആചരിക്കാനുള്ള ഉത്തരവ് വ്യാപക വിമർശനത്തിനും പരിഹാസത്തിനും ഇടയായിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരവ് പിൻവലിച്ചതായ അറിയിപ്പ് മൃഗസംരക്ഷണ ബോർഡ് പുറത്തുവിട്ടത്.
ഇന്ത്യന്‍ സംസ്കാരത്തിന്റെയും ഗ്രാമീണ സമ്പദ വ്യവസ്ഥയുടെ നട്ടെല്ലാണ് പശു എന്നും മനുഷ്യരാശിക്ക് എല്ലാ ഐശ്വര്യങ്ങളും നല്കുന്നതിനാലാണ് പശു ഗോമാതാ എന്നും കാമധേനു എന്നും അറിയപ്പെടുന്നതെന്നും ഫെബ്രുവരി ആറിന് പുറപ്പെടുവിച്ച ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പാശ്ചാത്യ സംസ്കാരത്തിന്റെ കടന്നുകയറ്റം മൂലം വേദിക പാരമ്പര്യങ്ങള്‍ അന്യം നിന്നുപോവുന്നതായും ഉത്തരവിൽ പരിതപിക്കുന്നുണ്ട്. പശുവിനെ ആലിംഗനം ചെയ്യുന്നതിലൂടെ വ്യക്തികള്‍ക്കും സമൂഹത്തിനും സന്തോഷം ലഭിക്കുമെന്നും വകുപ്പ് സെക്രട്ടറി എസ്ക് ദത്ത ഒപ്പുവച്ച നോട്ടിസ് ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫെബ്രുവരി 14ന് പബ്ബുകളിലും മറ്റും കയറി സംഘപരിവാര സംഘടനാ പ്രവര്‍ത്തകര്‍ കമിതാക്കളെ ആക്രമിച്ച സംഭവങ്ങള്‍ പോയവര്ഷങ്ങളിലുണ്ടായിരുന്നു. മറ്റൊരു ലവേഴ്സ് ഡേ കൂടി ആഗതമാവാനിരിക്കെയാണ് പശുക്കളെ ആലിംഗനം ചെയ്യാന്‍ കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ നിര്‍ദേശം പുറപ്പെടുവിച്ചത്.