സന്തോഷ് ട്രോഫിയിൽ പഞ്ചാബിനെ തകർത്ത് കേരളം സെമി ഫൈനലിൽ
മലപ്പുറം: സന്തോഷ് ട്രോഫിയിൽ പഞ്ചാബിനെ തകർത്ത് കേരളം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കേരളം ജയിച്ചത്. ക്യാപ്റ്റൻ ജിജോ ജോസഫ് ഇരട്ട ഗോൾ നേടി. ഇതോടെ സന്തോഷ് ട്രോഫിയിൽ കേരളം സെമിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കേരളത്തിന്റെ മുന്നേറ്റം.
11-ാം മിനിറ്റിൽ മൻവീർ സിംഗിന്റെ ഗോളിൽ പഞ്ചാബ് മുന്നിലെത്തിയിരുന്നു. എന്നാൽ, അഞ്ച് മിനിറ്റിനകം കേരളം തിരിച്ചടിച്ചു. 16-ാം മിനിറ്റിൽ ക്യാപ്റ്റൻ ജിജോ ജോസഫിന്റെ ഗോളിലൂടെ കേരളം സമനിലയിലെത്തി. കളി അവസാനഘട്ടത്തിലേയ്ക്ക് അടുത്തപ്പോഴാണ് കേരളത്തിന്റെ വിജയ ഗോൾ പിറന്നത്.
അഞ്ച് മിനിറ്റ് ബാക്കിനിൽക്കെയാണ് കേരളം വീണ്ടും ഗോളടിച്ച് മുന്നിലെത്തിയത്. നായകൻ തന്നെയാണ് രണ്ടാം ഗോളും വിരിയിച്ചത്. ഇതോടെ, സന്തോഷ് ട്രോഫി സെമി ഫൈനൽ റൗണ്ടിലേയ്ക്ക് കടക്കുന്ന ആദ്യ ടീമായി കേരളം. 10 പോയിന്റുകളുമായി കേരളം ഗ്രൂപ്പിൽ ഒന്നാമതാണ്.