കാത്തിരുന്ന് ഒടുവില്‍ പിഎം ആവാസ് യോജനയുടെ ആദ്യ ഗഡു കിട്ടി; നാല് യുവതികള്‍ ഭര്‍ത്താവിനെ വിട്ട് കാമുകനൊപ്പം മുങ്ങി
ലഖ്നൗ: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമുള്ള പണത്തിന്റെ ആദ്യ ഗഡു കൈവശം വന്നതിന് പിന്നാലെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയത് 4 സ്ത്രീകള്‍. ഉത്തര്‍പ്രദേശിലെ ബാരാബങ്കി ജില്ലയിലാണ് അമ്പരപ്പിക്കുന്ന സംഭവം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വീടു നിര്‍മിച്ചു നല്കുന്ന കേന്ദ്രപദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. പദ്ധതിപ്രകാരം കുടുംബനാഥ വീടിന്റെ ഉടമയോ സഹഉടമയോ ആകണമെന്നു നിര്‍ബന്ധമുണ്ട്.
ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം വരുന്നത്. ഇതില്‍ പ്രകാരം 50,000 രൂപയാണ് ആദ്യ ഗഡുവായി അക്കൗണ്ടിലെത്തിയത്. പിന്നാലെ നാല് സ്ത്രീകള്‍ അവരുടെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഇറങ്ങി തിരിക്കുകയായിരുന്നു. വീടു നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ നഗര വികസന ഏജന്‍സിയില്‍ (ഡിയുഡിഎ) നിന്ന് അറിയിച്ചിട്ടും പ്രതികരണം ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് ഭാര്യമാരുടെ ഒളിച്ചോട്ടം ഭര്ത്താക്കന്മാര്ക്ക് പുറത്ത് വിടേണ്ടി വന്നത്.