‘സര്‍ക്കാരിന് പിടിവാശിയും ഈഗോയും’; എംഎല്‍എമാരുടെ സത്യഗ്രഹം നിര്‍ത്തി, ഇനി സമരം സഭയ്ക്കു പുറത്തെന്ന് സതീശന്‍
തിരുവനന്തപുരം: നിയമസഭ സമ്മേളനം പിരിഞ്ഞ സാഹചര്യത്തില്‍ സഭാകവാടത്തില്‍ നടത്തി വന്നിരുന്ന പ്രതിപക്ഷ എംഎല്‍എമാരുടെ സത്യഗ്രഹ സമരം യുഡിഎഫ് അവസാനിപ്പിച്ചു. നിയമസഭയ്ക്ക് പുറത്ത് യുഡിഎഫ് നടത്തുന്ന സമരം കൂടുതല്‍ ശക്തിയോടെ മുന്നോട്ടു കൊണ്ടുപോകും. 13,14 തീയതികളില്‍ യുഡിഎഫിന്റെ രാപ്പകല്‍ സമരം നടക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
പ്രതിപക്ഷ ഘടകകക്ഷികള്‍ സര്‍ക്കാരിനെതിരെ വിവിധ സമരപരിപാടികള്‍ക്ക് രൂപം കൊടുത്തിട്ടുണ്ട്. യുഡിഎഫിലെ വിവിധ യുവജന-മഹിളാ-വിദ്യാര്‍ത്ഥി സംഘടനകളെല്ലാം സര്‍ക്കാരിനെതിരെ സമരവുമായി മുന്നോട്ടു വന്നിരിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു. മുമ്പ് പല കാലത്തും നിയമസഭയില്‍ എംഎല്‍എമാര്‍ സമരം നടത്തിയിട്ടുണ്ട്. എന്നാല്‍ ഒരു മന്ത്രിയും ഇതുപോലെ സമരം നടത്തുന്ന എംഎല്‍എമാരെ അപമാനിച്ചിട്ടില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു.
സത്യഗ്രഹികളെ പരിഹസിക്കുകയും അപമാനിക്കുകയും പുച്ഛിച്ച് തള്ളുകയുമാണ് ധനമന്ത്രിയും മുഖ്യമന്ത്രിയും ചെയ്തത്. ഇത് അധികാരത്തിന്റെ ധിക്കാരമാണ്. ജനങ്ങളെ കാണാന്‍ അവര്‍ക്ക് കഴിയുന്നില്ല. അധികാരത്തിന്റെ ഗിരിശൃംഗങ്ങളില്‍ ഇരിക്കുമ്പോള്‍ സാധാരണക്കാരെ കാണാന്‍ കഴിയാതെ പോകുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് നികുതി നിര്‍ദേശം പിന്‍വലിക്കാത്ത നടപടി. പ്രതിപക്ഷം സമരം ചെയ്യുന്നതുകൊണ്ട് പിന്‍വലിക്കില്ല എന്ന് ലോകത്ത് ഏതെങ്കിലും സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോയെന്നും വി ഡി സതീശന്‍ ചോദിച്ചു.
പിടിവാശിയും ഈഗോയുമാണ് സര്‍ക്കാരിന്റേത്. ജനങ്ങളെയാണ് ഇവര്‍ മറക്കുന്നത്. ജനങ്ങള്‍ക്കു വേണ്ടി പിടിവാശി ഉപേക്ഷിക്കണം. നികുതി നിര്‍ദേശങ്ങള്‍ പിന്‍വലിക്കണം. ഇത് സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്ന് വി ഡി സതീശന്‍ പറയുന്നു. നികുതി പിരിവില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. നാട്ടിലെ വമ്പന്മാരുടെയും, സ്വര്‍ണത്തിന്റെയും പതിനായിരക്കണക്കിന് കോടി രൂപ സര്‍ക്കാര്‍ നഷ്ടപ്പെടുത്തി. ബാര്‍ ഉടമകളില്‍ നിന്നും ലഭിക്കേണ്ട ടേണ്‍ ഓവര്‍ ടാക്‌സ് പിരിച്ചെടുക്കുന്നില്ല. നാട്ടില്‍ വന്ന് കള്ളക്കടത്ത് നടത്തി ഇഷ്ടം പോലെ സാധനങ്ങള്‍ വിറ്റഴിക്കാനുള്ള എല്ലാ സൗകര്യവും സര്‍ക്കാര്‍ നല്‍കുകയാണ്.
കേന്ദ്രസര്‍ക്കാരിനെ ഒരുവശത്ത് കുറ്റപ്പെടുത്തുമ്പോള്‍, കേന്ദ്രസര്‍ക്കാരില്‍ നിന്നും ഐജിഎസ്ടി പൂളില്‍ നിന്നും ലഭിക്കേണ്ട തുക, അഞ്ചുവര്‍ഷം കൊണ്ട് ലഭിക്കേണ്ട 25,000 കോടി രൂപ സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ട് നഷ്ടപ്പെടുത്തിയെന്നും വി ഡി സതീശന്‍ ആരോപിച്ചു. ഇതെല്ലാം ജനങ്ങളെ അറിയിക്കും. കേരളത്തില്‍ ആര്‍ക്കു വേണമെങ്കിലും നികുതി വെട്ടിപ്പ് നടത്താമെന്ന സ്ഥിതിയാണ്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഫലമായാണ് നാലായിരം കോടി രൂപയുടെ നികുതി ഭാരം പാവപ്പെട്ട സാധാരണക്കാരന്റെ തലയില്‍ വന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.