ശ്വാസകോശ അണുബാധയെ തുടര്‍ന്ന് പനി; ഉമ്മന്‍ ചാണ്ടിക്ക് ആന്റിബയോട്ടിക് ചികിത്സ, ആരോഗ്യമന്ത്രി സന്ദര്‍ശിച്ചു
തിരുവനന്തപുരം: ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് പനി അനുഭവപ്പെട്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്റിബയോട്ടിക് ചികിത്സയാണ് ഇപ്പോള്‍ നല്‍കുന്നത്. അണുബാധ മാറിയശേഷമായിരിക്കും തുടര്‍ചികിത്സ. ആശുപത്രിയിലാകുന്നതിനു മുന്‍പ് എ.കെ. ആന്റണിയും യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസനും ഉമ്മന്‍ ചാണ്ടിയെ വീട്ടില്‍ സന്ദര്‍ശിച്ചു.
ആരോഗ്യസ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മനോട് ഫോണില്‍ വിവരങ്ങള്‍ അന്വേഷിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ഇന്ന് ആശുപത്രിയിലേക്ക് അയയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ വീണാ ജോര്‍ജ് ആശുപത്രിയിലെത്തി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിക്കുകയും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരോട് ആരോഗ്യസ്ഥിതിയെക്കുറിച്ച് ആരായുകയും ചെയ്തു.
മുഖ്യമന്ത്രി നേരിട്ടു വിളിച്ചതിനു പിന്നാലെ അദ്ദേഹത്തിനു നന്ദി അറിയിച്ച് ചാണ്ടി ഉമ്മന്‍ ഫെയ്സ്ബുക് പോസ്റ്റിട്ടു. ‘അപ്പയുടെ സുഖവിവരം അന്വേഷിച്ചു വിളിക്കുകയും ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ അയയ്ക്കുകയും ചെയ്യുന്ന പ്രിയങ്കരനായ മുഖ്യമന്ത്രി പിണറായി വിജയനു നന്ദി’ എന്നായിരുന്നു പോസ്റ്റ്.