ബജറ്റിലെ വിലവര്‍ധന: പ്രതിപക്ഷ പ്രതിഷേധം ആളിക്കത്തി; ബൈക്കിന് തീയിട്ട് യൂത്ത് കോണ്‍ഗ്രസ്

Spread the love

തിരുവനന്തപുരം: ബജറ്റില്‍ ഇന്ധന സെസും നിരക്കുവര്‍ധനയും ഏര്‍പ്പെടുത്തിയതിനെതിരെ നിയമസഭയ്ക്കകത്തും പുറത്തും പ്രതിഷേധം. നിയമസഭയ്ക്കുള്ളില്‍ നാല് യുഡിഎഫ് എംഎല്‍എമാര്‍ സത്യഗ്രഹം ആരംഭിച്ചു. പിന്നാലെ തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് മാര്‍ച്ചും നടത്തി. പ്രതിഷേധത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇരുചക്രവാഹനത്തിന് തീയിട്ടു.
നിയമസഭയില്‍ നിന്ന് 200 മീറ്റര്‍ അകലെവെച്ച് പ്രതിഷേധം പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. ഫയര്‍ഫോഴ്‌സ് എത്തിയാണ് കത്തിച്ച ബൈക്കിലെ തീയണച്ചത്. പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുള്‍പ്പടെയുള്ള നേതാക്കള്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.ഷാഫി പറമ്പില്‍, സി.ആര്‍.മഹേഷ്, മാത്യു കുഴല്‍നാടന്‍, നജീബ് കാന്തപുരം എന്നീ എംഎല്‍എമാരാണ് നിയമസഭയ്ക്കകത്ത് അനിശ്ചിതകാല സത്യഗ്രഹമിരിക്കുന്നത്.
തിങ്കളാഴ്ച ചോദ്യോത്തര വേള ആരംഭിച്ചതുമുതല്‍ പ്ലക്കാര്‍ഡുകളുയര്‍ത്തി നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം ആരംഭിച്ചിരുന്നു. ബജറ്റ് ചര്‍ച്ച ആരംഭിച്ചതോടെയാണ് എംഎല്‍എമാര്‍ സത്യഗ്രഹം ഇരിക്കുമെന്ന് പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *