അദാനി ഗ്രൂപ്പിനെതിരെ കേന്ദ്ര അന്വേഷണം; സാമ്പത്തിക രേഖകള്‍ പരിശോധിക്കുന്നു
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് കണക്കുകള്‍ പെരുപ്പിച്ച് കാട്ടിയെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് നിരവധി വിവാദങ്ങള്‍ക്ക് വഴിവച്ച പശ്ചാത്തലത്തില്‍ അദാനിക്കെതിരെ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍. കോര്‍പ്പറേറ്റ് കാര്യമന്ത്രാലയമാണ് അന്വേഷണം നടത്തുന്നത്. അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച സാമ്പത്തിക രേഖകള്‍ മന്ത്രാലയം പരിശോധിക്കാന്‍ ആരംഭിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സമര്‍പ്പിച്ച രേഖകളാണ് പരിശോധിക്കുന്നത്.
കമ്പനി ചട്ടം സെക്ഷന്‍ 206 അനുസരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം നടത്തുന്നത്. ആവശ്യമെങ്കില്‍ കമ്പനി ബോര്‍ഡ് യോഗത്തിന്റെ മിനിട്സ് ഉള്‍പ്പെടെ സര്‍ക്കാരിന് പരിശോധിക്കാന്‍ കഴിയും. കമ്പനി കാര്യ ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തിലാണ് അദാനി ഗ്രൂപ്പിനെതിരായ പ്രാഥമിക പരിശോധന നടന്നത്. അദാനിക്കെതിരെ പ്രാഥമിക പരിശോധന നടത്താന്‍ വ്യാഴാഴ്ച തന്നെ കാര്‍പ്പറേറ്റ് കാര്യമന്ത്രാലയം നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. സെബിയും അദാനി ഗ്രൂപ്പിനെതിരെ അന്വേഷണത്തിന് തയാറെടുക്കുകയാണെന്നാണ് വിവരം.