ലൈസന്‍സ് സസ്പെന്‍ഡ് ചെയ്താല്‍ വീണ്ടും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല: വീണ ജോര്‍ജ്
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷ വകുപ്പില്‍ നിയമ വിഭാഗം തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഭക്ഷ്യ സുരക്ഷ മാനദണ്ഡം പാലിക്കാത്തവര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പഴകിയ ഭക്ഷണം പിടിച്ചാലടക്കമുള്ള തുടര്‍നടപടികള്‍ വേഗത്തിലാക്കാനാണിത്.
ലൈസന്‍സ് റദ്ദാക്കിയാല്‍ മറ്റൊരിടത്ത് അതേ സ്ഥാപനം തുടങ്ങാന്‍ അനുവദിക്കില്ല. പുനസ്ഥാപിക്കണമെങ്കില്‍ ഭക്ഷ്യസുരക്ഷ കമ്മീഷണറുടെ അനുമതി വേണം. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യും. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.
അതേസമയം നിയമം നടപ്പിലാക്കുന്ന ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ തടയുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഉദ്യോഗസ്ഥര്‍ക്ക് ഭയരഹിതമായി പരിശോധനകള്‍ നടത്താന്‍ കഴിയണം. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ തൃശൂര്‍ ബുഹാരീസ് ഹോട്ടലിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ ഹോട്ടലുകളില്‍ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചിരുന്നു. ഫെബ്രുവരി ഒന്നു മുതല്‍ ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത ജീവനക്കാരുള്ള ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. വ്യാജ ഹെല്‍ത്ത് കാര്‍ഡ് നിര്‍മ്മിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.