അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം തള്ളി.
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം തള്ളി. നടൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിൽ അന്വേഷണം തുടരാമെന്നും ജസ്റ്റിസ് സിയാദ് റഹ്മാൻ വ്യക്തമാക്കി.
ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ കേസിൽ വാദം പൂർത്തിയാക്കിയിരുന്നു. കേസ് റദ്ദാക്കുന്നില്ലെങ്കിൽ അന്വേഷണം സി ബി ഐയ്ക്ക് വിടണമെന്ന ആവശ്യവും ദിലീപ് ഉന്നയിച്ചിരുന്നു. ഇതും കോടതി പരിഗണിച്ചില്ല. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ദിലീപിനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് വധഗൂഢാലോചനക്കേസ് രജിസ്റ്റർ ചെയ്തത്. ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ.സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമ ശരത്, ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാൻ സഹായിച്ച സൈബർ വിദഗ്ധൻ സായ് ശങ്കർ എന്നിവരാണ് മറ്റു പ്രതികൾ.
ടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്. അതുകൊണ്ട് തന്നെ ഈ കേസിൻറെ ഭാവി നടിയെ ആക്രമിച്ച കേസിൻറെ തുടരന്വേഷണത്തിലും പ്രധാനപ്പെട്ടതാണ്.
അതിനിടെ നടിയെ ആക്രമിച്ച കേസിൽ ഇനി ക്രൈംബ്രാഞ്ചിന് സമയം നീട്ടിനൽകരുതെന്ന് എതിർസത്യവാങ്മൂലവുമായി ദിലീപ്. കാവ്യ മാധവൻ സമയം നൽകിയിട്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാതിരുന്നത് അന്വേഷണം നീട്ടാൻ വേണ്ടിയാണ്. സുരാജിന്റെ ഫോൺ സംഭാഷണം ദുർവ്യാഖ്യാനം ചെയ്തത് കാവ്യയെ കേസിൽ കുരുക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. പൾസർ സുനിയുടെ കത്തും ഫോൺസംഭാഷണവും വ്യാജമാണെന്നും ദിലീപ് പറയുന്നു.