കോൺഗ്രസിലെ മെരിറ്റ് പാദസേവയും മുഖസ്തുതിയും; അനിൽ ആന്റണി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബി.ബി.സി ഡോക്യുമെന്ററി വിവാദത്തിൽ അനിൽ ആന്റണി കോൺഗ്രസിൽനിന്ന് രാജിവെച്ചത് പാർട്ടി നേതൃത്വത്തിനെതിരേ വിമർശനങ്ങൾ ഉന്നയിച്ച്. കോൺഗ്രസിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവർക്ക് ഇരട്ടത്താപ്പാണെന്ന് കുറ്റപ്പെടുത്തിയാണ് അനിലിന്റെ രാജിപ്രഖ്യാപനം.
പാർട്ടി നേതൃത്വം സ്തുതിപാഠകരുടെ വലയിലാണെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന എ.കെ ആന്റണിയുടെ മകൻ കൂടിയായ അനിൽ ആന്റണി പറഞ്ഞു. കോൺഗ്രസിലെ മെരിറ്റ് പാദസേവയും മുഖസ്തുതിയുമാണെന്നും രാജിക്കത്തിൽ അനിൽ വിമർശിച്ചു.
പദവികൾ വഹിച്ചിരുന്ന കാലത്ത് പിന്തുണ നൽകിയ പാർട്ടി സംസ്ഥാന നേതൃത്വത്തിന് ഉൾപ്പെടെ രാജിക്കത്തിൽ അനിൽ പ്രത്യേകം നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. ശശി തരൂർ എംപിയുടെ പേര് മാത്രം എടുത്തുപറഞ്ഞാണ് നന്ദി പ്രകടനമെന്നും ശ്രദ്ധേയമാണ്. പ്രൊഫഷണൽ കരിയറുമായി മുന്നോട്ടുപോകുമെന്നും രാജിക്കത്തിൽ അനിൽ വ്യക്തമാക്കി.
അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടുന്നവർ ഒരു ട്വീറ്റിന്റെ പേരിൽ അസഹിഷ്ണുത കാണിക്കുകയാണെന്നും ട്വീറ്റ് പിൻവലിക്കാനുള്ള അവരുടെ ആവശ്യം താൻ തള്ളിയെന്നും രാജിക്കത്ത് പങ്കുവെച്ച് അനിൽ പറഞ്ഞു.