ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകൾക്ക് ഇന്ത്യൻ വീരൻമാരുടെ പേര് നൽകി മോദി

Spread the love

പരാക്രമ ദിവസത്തില്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളില്‍ പേരില്ലാത്ത 21 വലിയ ദ്വീപുകള്‍ക്ക് 21 പരമവീര ചക്ര പുരസ്കാര ജേതാക്കളുടെ പേര് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ചടങ്ങ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്തു.

രാജ്യത്തെ യഥാര്‍ഥ നായകന്മാര്‍ക്ക് അര്‍ഹമായ ആദരവ് നല്‍കുന്നതിന് എല്ലായ്‌പ്പോഴും ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയാണ് നല്‍കുന്നത്. ഈ മനോഭാവത്തോടെ മുന്നോട്ട് പോകുന്നതിന്റെ ഭാഗമായാണ് ദ്വീപ് സമൂഹത്തിലെ പേരിടാത്ത 21 വലിയ ദ്വീപുകള്‍ക്ക് 21 പരമവീര ചക്ര പുരസ്‌ക്കാര ജേതാക്കളുടെ പേരു നല്‍കാന്‍ തീരുമാനിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപില്‍ നിര്‍മിച്ച, നേതാജിക്ക് സമര്‍പ്പിച്ചിരിക്കുന്ന ദേശീയ സ്മാരകത്തിന്റെ മാതൃകയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ചരിത്രപരമായ സവിശേഷതയും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സ്മരണയ്ക്ക് ആദരവ് നല്‍കുന്നതും കണക്കിലെടുത്ത്, റോസ് ദ്വീപുകളെ നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്ന് 2018 ല്‍ ദ്വീപ് സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി പുനര്‍നാമകരണം ചെയ്തിരുന്നു. നീല്‍ ദ്വീപിന്റെയും ഹാവ്‌ലോക്ക് ദ്വീപിന്റേയും പേരുകള്‍ ഷഹീദ് ദ്വീപ്, സ്വരാജ് ദ്വീപ് എന്നും പുനര്‍നാമകരണം ചെയ്തു.

ഏറ്റവും വലിയ പേരില്ലാത്ത ദ്വീപിന് ആദ്യത്തെ പരമവീര ചക്ര പുരസ്‌കാരം ലഭിച്ചയാളുടെ പേരാണ് നല്‍കിയത്. രാഷ്ട്രത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ ത്യാഗം സഹിച്ച വീരന്മാര്‍ക്കുള്ള ശാശ്വതമായ ആദരാഞ്ജലി ആയിട്ടാണ് നടപടി.

മേജര്‍ സോമനാഥ് ശര്‍മ, സുബേദാര്‍ ഹോണററി ക്യാപ്റ്റന്‍ (അന്നത്തെ ലാന്‍സ് നായിക്) എം.എം. കരം സിങ്, സെക്കൻഡ് ലെഫ്റ്റനന്റ് രാമ രഘോബ റാണെ, നായക് ജാദുനാഥ് സിങ്, കമ്പനി ഹവില്‍ദാര്‍ മേജര്‍ പിരു സിങ്; ക്യാപ്റ്റന്‍ ജി.എസ്.സലാരിയ, ലെഫ്റ്റനന്റ് കേണല്‍ (അന്നത്തെ മേജര്‍) ധന്‍സിങ് ഥാപ്പ; സുബേദാര്‍ ജോഗീന്ദര്‍ സിങ്, മേജര്‍ ഷൈതാന്‍ സിങ്; സി.ക്യൂ.എം.എച്ച് അബ്ദുള്‍ ഹമീദ്, ലെഫ്റ്റനന്റ് കേണല്‍ അര്‍ദേശിര്‍ ബര്‍സോര്‍ജി താരാപൂര്‍, ലാന്‍സ് നായിക് ആല്‍ബര്‍ട്ട് എക്ക; മേജര്‍ ഹോഷിയാര്‍ സിങ്, സെക്കന്റ് ലെഫ്റ്റനന്റ് അരുണ്‍ ഖേത്രപാല്‍, ഫ്‌ളയിങ് ഓഫിസര്‍ നിര്‍മല്‍ജിത് സിങ് ഷെഖോണ്‍, മേജര്‍ രാമസ്വാമി പരമേശ്വരന്‍, നായിബ് സുബേദാര്‍ ബനാ സിങ്, ക്യാപ്റ്റന്‍ വിക്രം ബത്ര, ലെഫ്റ്റനന്റ് മനോജ് കുമാര്‍ പാണ്ഡെ, സുബേദാര്‍ മേജര്‍ (അന്നത്തെ റൈഫിള്‍മാന്‍) സഞ്ജയ് കുമാര്‍, സുബേദാര്‍ മേജര്‍ റിട്ട. (ഓണററി  ക്യാപ്റ്റന്‍) ഗ്രനേഡിയര്‍ യോഗേന്ദ്ര സിങ് യാദവ് എന്നീ 21 പരമവീര ചക്ര പുരസ്കാര ജേതാക്കളുടെ പേരുകളാണ് ദ്വീപുകള്‍ക്ക് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *