മകളോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതിന് അച്ഛനെ ക്രൂരമായി മര്‍ദിച്ച് മദ്യപസംഘം. പിന്നാലെ മനോവിഷമത്തില്‍ അച്ഛന്‍ ജീവനൊടുക്കി

Spread the love

മകളോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതിന് അച്ഛനെ ക്രൂരമായി മര്‍ദിച്ച് മദ്യപസംഘം. പിന്നാലെ മനോവിഷമത്തില്‍ അച്ഛന്‍ ജീവനൊടുക്കി. കൊല്ലം ആയുര്‍ സ്വദേശി അജയകുമാറാണ് ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ ബുധനാഴ്ച മകളേയും കൂട്ടി വീട്ടിലേക്ക് വരുന്ന വഴിക്കാണ് നാല് പേരടങ്ങിയ സംഘം അജയകുമാറിനെയും മകളെയും അസഭ്യം പറഞ്ഞത്. മകളെ വീട്ടിലെത്തിച്ച ശേഷം സംഘത്തിന്റെ പ്രവര്‍ത്തിയെ ചോദ്യം ചെയ്യാന്‍ അജയകുമാര്‍ തിരിച്ചുപോയി. എന്നാല്‍ ഇവര്‍ അജയകുമാറിനെ ക്രൂരമര്‍ദനത്തിന് ഇരയാക്കുകയായിരുന്നു. പിറ്റേന്ന് രാവിലെയാണ് അജയകുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മദ്യപസംഘത്തിന്റെ മര്‍ദ്ദനത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് കുടുംബത്തിന്റെ ആരോപണം. മര്‍ദ്ദനത്തില്‍ അജയകുമാറിന്റെ കണ്ണിനും മുഖത്തും പരിക്കേറ്റു. പൊലീസില്‍ കേസ് നല്‍കാനും പരാതിപ്പെടാനും ബന്ധുക്കളാവശ്യപ്പെട്ടെങ്കിലും സംഘം വീണ്ടും മര്‍ദ്ദിക്കുമോയെന്ന് ഭയന്ന് പരാതിപ്പെടാന്‍ അജയകുമാര്‍ തയ്യാറായില്ല. മര്‍ദ്ദനമേറ്റതിന് ശേഷം അജയകുമാര്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ തയ്യാറായിരുന്നില്ലെന്നും ഭക്ഷണമൊന്നും കഴിക്കാന്‍ കൂട്ടാക്കിയിരുന്നില്ലെന്നും ഭാര്യ പറഞ്ഞു. വൈകിട്ട് പുറത്തേക്ക് പോയി തിരിച്ച് വന്നശേഷമാണ് ജീവനൊടുക്കിയതെന്നും ഭാര്യ പറഞ്ഞു. അജയകുമാറിനെ മര്‍ദ്ദിച്ച മദ്യപ സംഘത്തെക്കുറിച്ച് വ്യക്തതയില്ല. നിലവില്‍ പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ച ശേഷം കേസെടുത്ത് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *