10 വയസ്സുകാരിക്കുമേല്‍ പെട്രോളൊഴിച്ച് തീകൊളുത്തി; ഒപ്പം നൃത്തംചെയ്തതിനെ എതിര്‍ത്തതിന്റെ പകയെന്ന് മൊഴി

Spread the love

പാറ്റ്‌ന: ബിഹാറിലെ വൈശാലിയില്‍ പത്തു വയസ്സുകാരിയുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്. വ്യാഴാഴ്ച നടന്ന സംഭവത്തില്‍ പ്രദേശവാസികളായ രണ്ടു യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു.
ദിവസങ്ങള്‍ക്കു മുമ്പു നടന്ന ഒരു വിവാഹച്ചടങ്ങില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പെണ്‍കുട്ടി നൃത്തം ചെയ്യുന്നതിനിടെയുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. നൃത്തം ചെയ്യുകയായിരുന്ന പെണ്‍കുട്ടികള്‍ക്കൊപ്പം പ്രതികള്‍ അടക്കമുള്ള ഒരു കൂട്ടം ചെറുപ്പക്കാര്‍ നൃത്തം ചെയ്തു. ഇവരോട് പെണ്‍കുട്ടി മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഇതിന്റെ പക മൂലമാണ് ദിവസങ്ങള്‍ക്കു ശേഷം പ്രതികള്‍ ആക്രമണം നടത്തിയതെന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴി.
വിവാഹവീട്ടില്‍നിന്ന് തിരിച്ചു വരുന്ന വഴി രണ്ടു പേര്‍ തന്നെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി മൊഴി നല്‍കി. വ്യാഴാഴ്ച രാവിലെ വീടിനു പുറത്തിറങ്ങിയ പെണ്‍കുട്ടിയെ ഇവര്‍ വിജനമായ ഒരു സ്ഥലത്തേക്ക് ബലമായി പിടിച്ചുകൊണ്ടു പോകുകയും പെട്രോളൊഴിച്ച് തീ കൊളുത്തുകയുമായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയവരാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.
ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ഹാജിപ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് വൈശാലി പോലീസ് സൂപ്രണ്ട് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *