വാളയാര്‍ പീഡന കേസ്: ‘സിബിഐ അന്വേഷണം ശരിയായ രീതിയിലല്ല’; പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍
കൊച്ചി: വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍. മക്കളുടെ മരണത്തെക്കുറിച്ചുള്ള സിബിഐ അന്വേഷണം ശരിയായ രീതിയില്‍ അല്ല നടക്കുന്നതെന്നാണ് ആരോപണം. അന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടം വേണമെന്നും പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെടുന്നു.
മക്കളുടെ മരണം കൊലപാതകമാണോ എന്ന കാര്യത്തിലും കേസിലെ പ്രതികളായ രണ്ട് പേരുടെ ദുരൂഹ മരണത്തെക്കുറിച്ചും പെണ്‍കുട്ടികളുടെ മരണത്തില്‍ അശ്ലീലചിത്ര മാഫിയക്ക് പങ്കുണ്ടോ എന്നും അന്വേഷണം വേണമെന്ന് പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെടുന്നു. അന്വേഷണത്തിന്റെ തല്‍സ്ഥിതി അറിയിക്കാന്‍ സിബിഐക്ക് നിര്‍ദേശം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
2017 ജനുവരി 13 നാണ് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ വാളയാര്‍ അട്ടപ്പള്ളത്തെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് നാലിന് ഒമ്പത് വയസ്സുള്ള ഇളയ സഹോദരിയും സമാന സാഹചര്യത്തില്‍ മരിച്ചിരുന്നു.