പാലായില്‍ നാടകീയ രംഗങ്ങള്‍; കറുത്ത വസ്ത്രം ധരിച്ചെത്തി ബിനു പുളിക്കകണ്ടം; ബിനുവിനെ മാറ്റിയതില്‍ വിഷമമെന്ന് ജോസിന്‍
ഏറെ അനിശ്ചിതത്വത്തിന് ഒടുവില്‍ പാലാ നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് സിപിഐഎം തന്നെ തെരഞ്ഞെടുത്തതില്‍ പ്രതികരണമറിയിച്ച് ജോസിന്‍ ബിനോ. ബിനു പുളിക്കകണ്ടത്തെ മാറ്റിയതില്‍ തനിക്ക് വിഷമമുണ്ടെന്ന് ജോസിന്‍ ബിനോ മാധ്യമങ്ങളോട് പറഞ്ഞു. ഉള്ളുകൊണ്ട് അംഗീകരിച്ച നേതാവ് ഇപ്പോഴും ബിനു പുളിക്കകണ്ടം തന്നെയാണ്. അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ച് മുന്നോട്ട് പോകുമെന്നും ജോസിന്‍ ബിനോ പറഞ്ഞു.
താന്‍ വ്യക്തിപരമായി ആക്രമിക്കപ്പെട്ടുവെന്നായിരുന്നു സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി നേതൃത്വം ജോസിനെ തെരഞ്ഞെടുത്തശേഷമുള്ള ബിനു പുളിക്കകണ്ടത്തിന്റെ ആദ്യ പ്രതികരണം. പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുന്നു. കൂടുതല്‍ കാര്യങ്ങള്‍ തെരഞ്ഞെടുപ്പിന് ശേഷം വ്യക്തമാക്കുമെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു. കറുത്ത വസ്ത്രം ധരിച്ചാണ് ബിനു തെരഞ്ഞെടുപ്പിന് എത്തിയത്. കറുത്ത വസ്ത്രം ധരിച്ചത് പ്രതിഷേധത്തിന്റെ ഭാഗമായിട്ടല്ലെന്നും ബിനു മാധ്യമങ്ങളോട് പറഞ്ഞു.
കേരള കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്നാണ് ബിനു പുളിക്കകണ്ടത്തെ ഒഴിവാക്കിയത്. നേതൃത്വത്തിന്റെ തീരുമാനത്തില്‍ സിപിഐഎം പ്രാദേശിക നേതൃത്വം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് അംഗം കൊല്ലമ്പറമ്പിലിനെ ബിനു കൗണ്‍സില്‍ യോഗത്തിനിടെ മര്‍ദിച്ചിരുന്നു. കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയെ തോല്‍പ്പിക്കാന്‍ ബിനു ശ്രമിച്ചെന്നുള്ള പരാതിയും കേരളാ കോണ്‍ഗ്രസിന്റെ അതൃപ്തിയ്ക്ക് കാരണമാകുകയായിരുന്നു. എന്നാല്‍ ഈ വിഷയത്തിലെ കേരളാ കോണ്‍ഗ്രസിന്റെ വിലപേശല്‍ തന്ത്രത്തിനെതിരെ സിപിഐയും രംഗത്തുവന്നിരുന്നു.