വന്യജീവികളുടെ ജനന നിയന്ത്രണത്തിനുള്ള നടപടികള്‍ക്ക് സാധ്യത തേടി സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കും
തിരുവനന്തപുരം: വന്യജീവികളുടെ ജനന നിയന്ത്രണത്തിനുള്ള നടപടികള്‍ക്ക് സാധ്യത തേടി സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കും. ഹര്‍ജി സമര്‍പ്പിക്കുന്നതിന് മുന്നോടിയായി നിയമോപദേശം തേടിയിട്ടുണ്ട്. ജനവാസ മേഖലകളില്‍ വന്യജീവി ആക്രമണം നിരന്തരം ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ പുതിയ നീക്കം. നിയമോപദേശം ലഭിച്ചു കഴിഞ്ഞാലുടന്‍ സുപ്രിം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും.
അതേസമയം വന്യജീവി ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ കഴിയുന്നില്ലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന് പറഞ്ഞിരുന്നു. പരിഹാര നടപടികള്‍ ഫലംകണ്ടില്ലെന്നും ഒരാഴ്ചയ്ക്കിടെ ആക്രമണങ്ങള്‍ കൂടിയെന്നും മന്ത്രി പറഞ്ഞു. വന്യജീവി നിയന്ത്രണത്തിനുള്ള നടപടികള്‍ക്ക് സുപ്രീം കോടതി സ്റ്റേയുണ്ടെന്നും സ്റ്റേ നീക്കാന്‍ അടിയന്തര ഹര്‍ജി നല്‍കും. വയനാട്ടിലിറങ്ങിയ കടുവയെ വെടിവയ്ക്കുന്നത് അവസാന നടപടി. ഉദ്യോഗസ്ഥര്‍ ശ്രദ്ധയോടെ ഇടപെടുന്നത് കേന്ദ്രനിയമങ്ങളും കോടതിവിധിയും കാരണമെന്നും മന്ത്രി പറഞ്ഞു.