തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കും; എ.ഷാനവാസിന്റെ ലഹരി ബന്ധം അന്വേഷിക്കുമെന്ന് സിപിഎം ജില്ലാ നേതൃത്വം
ആലപ്പുഴ: ആലപ്പുഴയിലെ സിപിഎം നേതാവ് എ. ഷാനവാസിന്റെ ലഹരി ബന്ധം അന്വേഷിക്കുമെന്ന് ജില്ലാ നേതൃത്വം. ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു.
കൊല്ലം കരുനാഗപ്പള്ളിയില്‍ ഒരു കോടിയോളം രൂപയുടെ പാന്‍മസാലയാണ് ഷാനവാസിന്റെ ലോറിയില്‍ നിന്ന് പിടിച്ചെടുത്തത്.ലോറി വാടയ്ക്ക് നല്‍കിയതാണെന്നായിരുന്നു ഷാനവാസിന്റെ വിശദീകരണം. എന്നാല്‍ ഈ വാദം പൊളിയുന്ന, ഷാനവാസും കടത്തു സംഘവുമായുള്ള ബന്ധം തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കേസിലെ പ്രതി ഇജാസ് പിടിയിലാകുന്നതിന് നാല് ദിവസം മുമ്പ് ഷാനവാസിന്റെ ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്തു. ഇവര്‍ ഒന്നിച്ചുള്ള ചിത്രം പുറത്ത് വന്നിട്ടുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെയാണ് പച്ചക്കറികള്‍ക്കൊപ്പം കടത്താന്‍ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങള്‍ രണ്ട് ലോറികളില്‍ നിന്നായി കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ഇതില്‍ കെ.എല്‍ 04 എ.ടി 1973 എന്ന നമ്പറിലുള്ള ലോറി ഷാനവാസിന്റെ പേരിലുള്ളതാണ്. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘമാണ് പുകയില ഉത്പന്നങ്ങള്‍ കടത്തിയതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. വാഹനയുടമയായ ഷാനവാസിന് കേസില്‍ പങ്കുണ്ടോയെന്നു അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം തന്റെ ലോറി ഇടുക്കി കട്ടപ്പന സ്വദേശിയായ ജയന് മാസവാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നായരുന്നു ഷാനവാസിന്റെ വിശദീകരണം.