ജോഷിമഠിന് സമീപമുള്ള ജ്യോതിര്‍മഠിലെ ശങ്കരാചാര്യ മഠത്തിലും വിള്ളല്‍ രൂക്ഷം

Spread the love

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ജോഷിമഠിന് സമീപമുള്ള ജ്യോതിര്‍മഠിലെ ശങ്കരാചാര്യ മഠത്തിലും വിള്ളല്‍ രൂക്ഷം. ജല വൈദ്യുത പദ്ധതി തന്നെയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നാണ് മഠത്തിലെ ആളുകളും വിശ്വസിക്കുന്നത്. കഴിഞ്ഞ 15 ദിവസങ്ങള്‍ക്കുള്ളിലാണ് ഈ വിള്ളലുകളുണ്ടായതെന്നാണ് മഠ് അധികാരികള്‍ വിശദമാക്കുന്നത്. അതേസമയം ജോഷിമഠില്‍ ഇതുവരെ 81 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായാണ് ജില്ലാ ഭരണകൂടം വിശദമാക്കുന്നത്.
1191 പേരെ ഉള്‍ക്കൊള്ളുന്ന കെട്ടിടങ്ങള്‍ കണ്ടെത്തി നല്‍കിയതായും ജില്ലാ ഭരണകൂടം പുറത്തുവിട്ട പ്രതിദിന റിപ്പോര്‍ട്ടില്‍ പറയുന്നു. ജോഷിമഠിനു പുറത്ത് പീപ്പല്‍കൊട്ടി എന്ന സ്ഥലത്തും കെട്ടിടങ്ങള്‍ കണ്ടെത്തി നല്‍കിയിട്ടുണ്ട്. 2,65,000 രൂപയാണ് ആദ്യഘട്ടത്തില്‍ അടിയന്തര ധനസഹായമായി നല്‍കിയത്. ഇന്ന് രണ്ട് കേന്ദ്ര സംഘങ്ങള്‍ കൂടി ജോഷിമഠ് സന്ദര്‍ശിക്കും. ദേശീയ ബില്‍ഡിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് അംഗങ്ങളും നാളെ ജോഷിമഠില്‍ എത്തുമെന്നാണ് സൂചന.
വീടുകളില്‍ വലിയ വിള്ളല്‍, ഭൂമിക്കടിയില്‍ നിന്ന് പുറത്തേക്ക് ശക്തമായ നീരൊഴുക്ക് എന്നിവ ജോഷിമഠിലെ ആളുകളില്‍ സൃഷ്ടിച്ചിരിക്കുന്ന ആശങ്ക ചെറുതല്ല. ഒരു വര്‍ഷമായി ജീവനും കൈയില്‍ പിടിച്ച് കഴിയുകയാണ് ജോഷിമഠിലെ മൂവായിരത്തിലേറെ ജനങ്ങള്‍. അതി ശൈത്യത്തില്‍ ഈ ഭൗമ പ്രതിഭാസത്തിന്റെ തീവ്രതയും കൂടി. പല വീടുകളും ഇതിനോടകം നിലംപൊത്തിയിട്ടുണ്ട്. റോഡുകളും വീണ്ടുകീറിയിട്ടുണ്ട്. പ്രദേശമാകെ തീര്‍ത്തും ഒറ്റപ്പെട്ട സ്ഥിതിയാണ് ജോഷിമഠിലുള്ളത്. വിനോദസഞ്ചാര മേഖലയിലടക്കം നടക്കുന്ന അശാസ്ത്രീയ നിര്‍മ്മാണം ജലവൈദ്യുത പദ്ധതികള്‍ക്കായുള്ള ഖനനം, ഉള്‍ക്കൊള്ളാവുന്നതിലുമധികം സഞ്ചാരികളെത്തുന്നതുമൊക്കെ പ്രദേശത്ത് മണ്ണൊലിപ്പിന് ഇടയാക്കിയിട്ടുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
രണ്ട് വാര്‍ഡുകളില്‍ കണ്ടു തുടങ്ങിയ പ്രശ്‌നം പത്തിലേറെ വാര്‍ഡുകളില്‍ ഭീഷണിയായതോടെ പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയിരിക്കയാണ്. ജോഷിമഠ് രക്ഷിക്കാനായി തുരങ്ക നിര്‍മ്മാണം നിര്‍ത്തി വെക്കണമെന്ന് മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *