ബോംബ് ഭീഷണി:ആഷ്വർ എയറിൻറെ മോസ്‌കോ – ഗോവ വിമാനം ഗുജറാത്തിലെ ജാംനഗറിൽ അടിയന്തരമായി ഇറക്കി
ജാംനഗർ: ബോംബ് ഭീഷണിയെ തുടർന്ന് ആഷ്വർ എയറിൻറെ മോസ്‌കോ – ഗോവ വിമാനം ഗുജറാത്തിലെ ജാംനഗറിൽ അടിയന്തരമായി ഇറക്കി. യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കി. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ജില്ലാ കളക്ടറും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ജാംനഗർ വിമാനത്താവളത്തിൽ എത്തി. ഗോവയിലെ വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കി.
വിമാനത്തിൽ ബോംബ് ഭീഷണിയുണ്ടെന്ന് ഗോവ എയർ ട്രാഫിക് കൺട്രോളിന് ഇമെയിൽ സന്ദേശം ലഭിക്കുകയായിരുന്നു. ബോംബ് സ്‌ക്വാഡും അഗ്‌നിശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. 240ലധികം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ബോംബ് ഭീഷണിയെത്തുടർന്ന് എല്ലാ വിമാനയാത്രക്കാരെയും ഡീബോർഡ് ചെയ്യുകയും വിമാനം പരിശോധിക്കുകയും ചെയ്യുകയാണ്.
നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ (എൻഎസ്ജി) സംഘവും പരിശോധനയ്ക്കായി വിമാനത്താവളത്തിൽ എത്തുന്നുണ്ടെന്നും എയർപോർട്ട് ഡയറക്ടർ അറിയിച്ചു. ബോംബ് ഭീഷണിയിൽ പ്രതികരണവുമായി മോസ്‌കോ അധികൃതരും എത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നും മുന്നറിയിപ്പ് ലഭിച്ചതായി റഷ്യൻ എംബസി അറിയിച്ചു.
മുൻകരുതൽ നടപടികൾ സ്വീകരിച്ചുവരികയാണെന്നും ആളുകളുടെ സഞ്ചാരം നിരീക്ഷിക്കാനും സംശയാസ്പദമായ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും വിമാനത്താവളത്തിൽ പ്രത്യേക സേനയെ വിന്യസിച്ചിട്ടുണ്ടെന്നും വാസ്‌കോ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സലിം ഷെയ്ഖ് പറഞ്ഞു. ‘ഞങ്ങൾ ഇവിടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയാണ്, ആശങ്കപ്പെടേണ്ട കാര്യമില്ല. ഇതും ഒരു കിംവദന്തിയാകാം’ ഡിഎസ്പി പറഞ്ഞു