ബസ്സുകളില്‍ പരസ്യം വിലക്കിയ ഹൈക്കോടതി ഉത്തരവിനു സ്റ്റേ; പുതിയ സ്‌കീം അവതരിപ്പിച്ച് കെഎസ്ആര്‍ടിസി

Spread the love

കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ നല്‍കുന്നതു വിലക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. പരസ്യം പതിക്കുന്നതുമായി ബന്ധപ്പെട്ടു കെഎസ്ആര്‍ടിസി നല്‍കിയ പുതിയ സ്‌കീമില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെകെ മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെയും കാല്‍നടക്കാരുടെയും ശ്രദ്ധ വ്യതിചലിപ്പിക്കുന്ന വിധത്തില്‍ പരസ്യം നല്‍കില്ലെന്നാണ് കെഎസ്ആര്‍ടിസി നല്‍കിയ പുതിയ സ്‌കീമില്‍ പറയുന്നത്. മോട്ടോര്‍ വാഹന ചട്ടം പാലിച്ച് ബസുകളുടെ വശങ്ങളിലും പിന്‍ഭാഗത്തും മാത്രമേ പരസ്യം പതിപ്പിക്കൂ എന്ന് സ്‌കീമില്‍ ഉറപ്പു നല്‍കുന്നുണ്ട്.

കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്. വടക്കഞ്ചേരി ബസ് അപകടത്തെ തുടര്‍ന്ന് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി നടപടി. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ കെഎസ്ആര്‍ടിസി ബസ് എന്നോ സ്വകാര്യ ബസ് എന്നോ വ്യത്യാസമില്ല. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ ആര്‍ക്കും പ്രത്യേക ഇളവുകള്‍ ഒന്നും ഇല്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാവരും ഒരുപോലെ പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സ്വകാര്യ ബസുകളില്‍ അടക്കം ്രൈഡവര്‍ കാബിന്‍, യാത്രക്കാര്‍ ഇരിക്കുന്ന സ്ഥലം എന്നിവിടങ്ങളില്‍ പരസ്യങ്ങളോ നിരോധിത ഫ്ലാഷ് ലൈറ്റുകളോ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എക്സ്പോകള്‍, ഓട്ടോ ഷോ എന്നിവയില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *