മൂരിയാട് ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ട തര്‍ക്കം; പ്രദേശവാസിയെ മര്‍ദിച്ച 11 വനിതകള്‍ അറസ്റ്റില്‍
തൃശൂര്‍: മൂരിയാട് കപ്പാറക്കടവില്‍ ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പ്രദേശവാസിയെ മര്‍ദിച്ച 11 വനിതകള്‍ അറസ്റ്റില്‍. ആളൂര്‍ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൂരിയാട് പ്ലാത്തോട്ടത്തില്‍ ഷാജിക്കും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. പ്രതികളെ ചാലക്കുടി കോടതി റിമാന്‍ഡ് ചെയ്തു.
വയനാട് സ്വദേശി തൈപ്പറമ്പില്‍ അല്‍ഫോണ്‍സ, മിനി, ഇടുക്കി സ്വദേശിനി ഗീത, സ്റ്റെഫി, ലിന്‍ഡ, ജിബി, ആര്യ, അയോണ, ലിയോണ, നിഷ തുടങ്ങി 11 പേരെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. എംപറര്‍ ഇമ്മാനുവല്‍ എന്ന സഭാ വിശ്വാസവുമായി ബന്ധപ്പെട്ട ആളുകളാണ് ഇവര്‍. ഇതുമായി ബന്ധപ്പെട്ട് ഈ സഭയുമായി തര്‍ക്കമുണ്ടായിരുന്നു. നേരത്തെ ഈ സഭയില്‍ ഉണ്ടായിരുന്ന ഷാജി എന്നയാളെയും കുടുംബത്തെയുമാണ് ഇവര്‍ ആക്രമിച്ചത്. ആക്രമണത്തില്‍ ഷാജിയും ഷാജിയുടെ മകന്റെ ഭാര്യയും അടക്കം അഞ്ചുപേര്‍ക്കാണ് പരുക്കേറ്റത്.
ഇന്നലെ വൈകിട്ടാണ് ഈ സംഭവം ഉണ്ടായത്. ഇതിനുശേഷം ഈ സംഘര്‍ഷവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഒരു കൂട്ടത്തല്ല് ആയിരുന്നു.
സഭ വിട്ടതുമായി ബന്ധപ്പെട്ട് അതായത് ഷാജിയുടെ കുടുംബവുമായി തര്‍ക്കമുണ്ടായിരുന്നു. ഇവര്‍ സഭാ വിശ്വാസികളായി തുടരുന്ന ആളുകളാണ്. ഇവര്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് ഇത്തരത്തിലൊരു ആക്രമണം.