പോരാട്ടം കടുക്കുന്നു; സ്‌കൂള്‍ കലോത്സവത്തില്‍ മൂന്ന് ജില്ലകള്‍ ഇഞ്ചോടിഞ്ച്
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവം അവസാന ഘട്ടത്തോടടുക്കെ സുവര്‍ണകിരീടത്തിനായുള്ള പോരാട്ടത്തില്‍ കണ്ണൂരും പാലക്കാടും കോഴിക്കോടും ഇഞ്ചോടിഞ്ച് മത്സരത്തില്‍. കഴിഞ്ഞ ദിവസം മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 683 പോയിന്റുമായി കണ്ണൂര്‍ ജില്ലയാണ് മുന്നില്‍. തൊട്ടുപിന്നില്‍ 679 പോയിന്റുമായി പാലക്കാടും കോഴിക്കോടും ശക്തമായ വെല്ലുവിളിയുയര്‍ത്തുന്നു. 651 പോയിന്റുമായി തൃശൂരും 642 പോയിന്റുമായി എറണാകുളവുമാണ് ഇവര്‍ക്ക് പിന്നില്‍. സ്‌കൂളുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഇ എം ഗേഴസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് മുന്നില്‍(122 പോയിന്റ്). പാലക്കാട് ഗുരുകുലം 111 പോയിന്റുമായി രണ്ടാതമതും കണ്ണൂര്‍ സെന്റ് തെരാസ് സ്‌കൂള്‍(98) മൂന്നാമതുമുണ്ട്.
സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരം വിദ്യാഭ്യാസ ഉപ ഡയറക്ടറാണ് ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. സ്‌കൂള്‍ കലോത്സവത്തില്‍ പങ്ക് കൊള്ളുന്നതിന് വേണ്ടിയാണ് ഇതെന്നും വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി മനോജ്കുമാര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, വി എച്ച് എസ് ഇ വിദ്യാലയങ്ങള്‍ക്കെല്ലാം അവധി ആയിരിക്കുമെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.