ഒറ്റ രാത്രി കൊണ്ട് അന്‍പതിനായിരം പേരെ പിഴുതെറിയാനാവില്ല’; ഹല്‍ദ്വാനി കൂട്ടക്കുടിയൊഴിപ്പിക്കല്‍ സുപ്രീം കോടതി സ്റ്റേചെയ്തു
ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലെ റെയില്‍വേ ഭൂമിയില്‍ നിന്ന് നാലായിരം കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ട ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഒരു രാത്രി കൊണ്ട് ആന്‍പതിനായിരത്തിലധികം പേരെ പിഴുതെറിയാനാവില്ല. വിഷയത്തില്‍ മനുഷ്യത്വപരമായി കാര്യങ്ങള്‍ ഉണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.
50 വര്‍ഷത്തിലേറെയായി ആളുകള്‍ താമസിക്കുന്ന സ്ഥലമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തരാഖണ്ഡ് സര്‍ക്കാരിനും റെയില്‍വേയ്ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റെതാണ് ഉത്തരവ്. ഹൈക്കോടതി ഉത്തരവിനെതിരെ, കോണ്‍ഗ്രസ് നേതാവും ഹല്‍ദ്വാനി എംഎല്‍എയുമായ സുമിത് ഹൃദയേഷിന്റെ നേതൃത്വത്തില്‍ പ്രദേശവാസികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഹല്‍ദ്വാനി റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന താമസിക്കുന്ന നാലായിരത്തോളം വീട്ടുകാര്‍ക്കാണ് വീടൊഴിഞ്ഞു പോകാന്‍ നോട്ടീസ് നല്‍കിയത്. പ്രദേശം റെയില്‍വേയുടെ ഭൂമി ആയതിനാല്‍ വീട് ഒഴിയണമെന്നാണ് നോട്ടീസിലെ ആവശ്യം. റെയില്‍വേ നല്കിയ ഹര്‍ജി പരിഗണിച്ച ഉത്തരാഖണ്ഡ് ഹൈക്കോടതി, ഒരാഴ്ചത്തെ നോട്ടീസ് നല്കി കുടിയേറ്റക്കാരെ മുഴുവന്‍ ഒഴിപ്പിക്കാന്‍ തദ്ദേശ സ്ഥാപനത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു.
പ്രദേശത്തെ നാലായിരത്തോളം താമസക്കാരില്‍ ബഹുഭൂരിപക്ഷവും മുസ്ലിങ്ങളാണ്. വീട്ടുകാര്‍ ഒഴിഞ്ഞില്ലെങ്കില്‍ ബലം പ്രയോഗിച്ച് ഒഴിപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.
വിഷയത്തില്‍ പ്രധാനമന്ത്രി, കേന്ദ്ര റെയില്‍വേ മന്ത്രി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി എന്നിവര്‍ ഇടപെടണമെന്നും, പ്രദേശവാസികളുടെ പ്രശ്നത്തില്‍ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ക്വാസി നിസാമുദ്ദീന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 70 വര്‍ഷമായി പ്രദേശത്ത് താമസിക്കുന്നവരാണ് ഇവര്‍. ഇവിടെ പള്ളി, ക്ഷേത്രം, പ്രാഥമികാരോഗ്യ കേന്ദ്രം, സ്കൂളുകള്‍, കോളജുകള്‍ തുടങ്ങിയവയുണ്ട്. പെട്ടെന്ന് അവയെല്ലാം ഒഴിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.