അഞ്ജലിയുടെ മരണത്തില്‍ രണ്ടുപേര്‍ക്ക് കൂടി പങ്ക്; ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചതായി പൊലീസ്, ദുരൂഹത തുടരുന്നു
ഡല്‍ഹിയില്‍ കാറിടിച്ച് വലിച്ചിഴച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരുഹത തുടരുന്നു. സംഭവത്തില്‍ രണ്ടുപേര്‍ കൂടി ഉള്‍പ്പെട്ടതായി ഡല്‍ഹി പൊലീസ് സെപ്ഷ്യല്‍ കമ്മീഷണര്‍ സാഗര്‍ പ്രീത് ഹൂഡ പറഞ്ഞു. കാറിന്റെ ഉടമയും, പ്രതികളിലൊരാളുടെ സഹോദരനും സംഭവത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവരെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.
കാറിന്റെ ഉടമ അശുതോഷ്, പ്രതികളിലൊരാളുടെ സഹോദരന്‍ അങ്കുഷ് എന്നിവരാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ പങ്ക് വ്യക്തമാക്കുന്ന ശാസ്ത്രീയ തെളിവുകള്‍ കിട്ടിയിട്ടുണ്ട്. അവര്‍ ക്രൂരകൃത്യം മറയ്ക്കാന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു.
ദീപക് ഖന്ന, മനോജ് മിത്തല്‍, അമിത് ഖന്ന, കൃഷന്‍, മിഥുന്‍ എന്നിവരാണ് നിലവില്‍ കസ്റ്റഡിയില്‍ ഉള്ളത്. നേരത്തെ ദീപക് ഖന്നയാണ് കാര്‍ ഓടിച്ചതെന്നായിരുന്നു പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ സംഭവസമയം കാറോടിച്ചത് അമിത് ആണെന്ന് പൊലീസ് കണ്ടെത്തി. അമിതിന് ഡ്രൈവിങ് ലൈസന്‍സ് ഇല്ലെന്നും പൊലീസ് കണ്ടെത്തി.