ട്രെയിന്‍ യാത്രയ്ക്കിടെ പേഴ്സ് നഷ്ടപ്പെട്ടു; നാല് ദിവസത്തിന് ശേഷം പേഴ്സും രേഖകളും പോസ്റ്റില്‍ കിട്ടിയതിന്റെ ഞെട്ടലില്‍ യുവാവ്, 14000 രൂപ പോയി
കോഴിക്കോട്: ട്രെയിന്‍ യാത്രയ്ക്കിടെ നഷ്ടപ്പെട്ട പേഴ്സും രേഖകളും നാല് ദിവസത്തിന് ശേഷം പോസ്റ്റില്‍ കിട്ടിയതിന്റെ സന്തോഷത്തില്‍ യുവാവ്. താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശി പുളിക്കില്‍ സാബിത്തിനാണ് ഡിസംബര്‍ 30ന് നഷ്ടപ്പെട്ട പേഴ്സും രേഖകളും നാല് ദിവസത്തിന് ശേഷം തപാല്‍ മാര്‍ഗം തിരിച്ചുകിട്ടിയത്.
എന്നാല്‍ പേഴ്സിലുണ്ടായ 14,000 രൂപ തിരികെ കിട്ടിയില്ല. ചെന്നൈയിലേക്ക് പോകാന്‍ വേണ്ടിയാണ് 30ന് സാബിത്ത് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയത്. രാത്രി എട്ട് മണിയോടെ തീവണ്ടിയില്‍ കയറിയപ്പോഴാണ് പേഴ്സ് നഷ്ടപ്പെട്ട കാര്യമറിഞ്ഞത്.
ഡ്രൈവിങ് ലൈസന്‍സ്, എടിഎം കാര്‍ഡ്, ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയ രേഖകളെല്ലാം പേഴ്സിലുണ്ടായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതിയും നല്കി. അതിനിടെയാണ് കഴിഞ്ഞദിവസം സാബിത്തിന്റെ മേല്‍വിലാസത്തില്‍ രേഖകള്‍ തപാലിലെത്തിയത്.
പേഴ്സ് മോഷണം പോയതാണോ അതോ എവിടെയെങ്കിലും വീണുപോയതാണോയെന്നൊന്നും സാബിത്തിന് അറിയില്ല. എങ്കിലും രേഖകളെല്ലാം തിരിച്ചുകിട്ടിയതില്‍ സന്തോമുണ്ടെന്ന് സാബിത്ത് പ്രതികരിച്ചു. എന്നാല്‍ പേഴ്സിലുണ്ടായിരുന്ന 14,000 രൂപയെകുറിച്ച് ഒരു വിവരവും ഇല്ല.