ഭക്ഷ്യവിഷബാധ; നഴ്‌സിന്റെ മരണകാരണം ‘ആന്തരികാവയങ്ങള്‍ക്ക് ഏറ്റ അണുബാധ’ എന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്
കോട്ടയം: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച നഴ്‌സ് രശ്മി രാജിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ആന്തരികാവയവങ്ങള്‍ക്ക് ഏറ്റ അണുബാധ മൂലമാണ് മരണമെന്നാണ് പ്രാഥമിക പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. ഏതു തരത്തിലുള്ള അണുബാധയാണ് ഏറ്റതെന്ന് സ്ഥിരീകരിക്കാന്‍ രാസപരിശോധനാ ഫലം ലഭിക്കണം. ശരീര ശ്രവങ്ങള്‍ രാസ പരിശോധനയ്ക്കായി തിരുവനന്തപുരം റീജണല്‍ ലാബിലേക്ക് അയക്കും. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്‌സായിരുന്ന രശ്മി കഴിഞ്ഞ മാസം 29 നാണ് ഓണ്‍ലൈനിലൂടെ കോട്ടയം സംക്രാന്തിയിലുള്ള പാര്‍ക്ക് ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ചത്. ഒരു മണിക്കൂറിനുള്ളില്‍ അവശയായ രശ്മിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു മാസം മുമ്പും ഈ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. അന്ന് നഗരസഭ ഹോട്ടലിന് നോട്ടീസ് നല്‍കി. പക്ഷേ പിന്നീടും നിര്‍ബാധം പ്രവര്‍ത്തിച്ചു.
രശ്മിയുടെ മരണത്തിന് പിന്നാലെ സംസ്ഥാനത്തെ ഹോട്ടലുകളില്‍ വ്യാപക പരിശോധന നടക്കുകയാണ്. 429 ഓളം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ വ്യത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ച 22 കടകള്‍ അടപ്പിച്ചു. 21 സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി. 86 കടകള്‍ക്ക് നോട്ടീസ് നല്‍കി. 52 കടകള്‍ക്ക് നിലവാരം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം നോട്ടീസ് നല്‍കിയത്. തലസ്ഥാനത്ത് വ്യത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ച 8 ഹോട്ടലുകള്‍ അടപ്പിച്ചു. 3 ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദാക്കി. മലപ്പുറത്ത് എട്ട് ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദാക്കി.
തൃശ്ശൂരില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം രണ്ട് സ്‌ക്വാഡുകളായി തിരിഞ്ഞ് 21 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. തൃശ്ശൂര്‍ നഗര പ്രദേശത്തിനൊപ്പം പുതുക്കാട്, നാട്ടിക എന്നിവിടങ്ങളിലായി 21 ഹോട്ടലുകളിലാണ് പരിശോധന നടന്നത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്ത നാല് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. ഹോട്ടലുടമകളോട് ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നില്‍ ഹാജരാകാനും നിര്‍ദ്ദേശം നല്‍കി. അതിന് ശേഷമാവും പിഴ തുക തീരുമാനിക്കുക.