ഗവര്‍ണറുടെ നയപ്രഖ്യാപനം ഉണ്ടാകും; ബജറ്റ് സമ്മേളന തീയതി തീരുമാനിക്കാന്‍ നാളെ മന്ത്രിസഭായോഗം

Spread the love

തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം ചേരുന്നത് തീരുമാനിക്കാനായി നാളെ മന്ത്രിസഭായോഗം ചേരും. ബജറ്റ് അവതരണ തീയതി അടക്കം തീരുമാനിക്കും. ഓണ്‍ലൈന്‍ ആയാണ് യോഗം ചേരുന്നത്. നിലവിലെ നിയമസഭ സമ്മേളനം പിരിയുന്നതായും ഗവര്‍ണറെ അറിയിക്കും.

പുതുവര്‍ഷം ആദ്യം വിളിച്ചു ചേര്‍ക്കുന്ന സഭാ സമ്മേളനത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനവും ഉണ്ടായേകും. നേരത്തെ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഉടക്ക് നില നിന്ന സാഹചര്യത്തില്‍, കഴിഞ്ഞമാസം വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭ സമ്മേളനം പിരിഞ്ഞതായി ഗവര്‍ണറെ അറിയിച്ചിരുന്നില്ല.
ഇതോടെ, കഴിഞ്ഞ സമ്മേളനത്തിന്‍രെ തുടര്‍ച്ചയെന്നോണം നിയമസഭ സമ്മേളിക്കാനും, ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കാനുമാണ് സര്‍ക്കാരിന്റെ നീക്കമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്ന വിഷയത്തില്‍ ഗവര്‍ണര്‍ നിലപാടില്‍ അയവു വരുത്തിയതും സര്‍ക്കാരിന്റെ മനംമാറ്റത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഗവര്‍ണറുമായി അഭിപ്രായഭിന്നത രൂക്ഷമായ പശ്ചാത്തലത്തിലാണ്, സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റാന്‍ നിയമസഭ പ്രത്യേക ബില്‍ പാസ്സാക്കിയത്. നേരത്തെ ഗവര്‍ണറായിരുന്ന രാംദുലാരി സിന്‍ഹയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് നായനാര്‍ സര്‍ക്കാര്‍ നയപ്രഖ്യാപനം ഒഴിവാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *