സജി ചെറിയാന് ഇന്ന് വീണ്ടും മന്ത്രിയാകും
തിരുവനന്തപുരം: നാലുദിവസത്തെ അനിശ്ചിതത്വം അവസാനിച്ചു. സജി ചെറിയാന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അനുമതി നല്കി. ബുധനാഴ്ച നാലിന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗമായ സജി ചെറിയാന് സത്യവാചകം ചൊല്ലി അധികാരമേല്‍ക്കും.
ഭരണഘടനയെ അധിക്ഷേപിച്ചെന്ന കേസ് നിലനില്ക്കുമ്പോള് സജി ചെറിയാന് മന്ത്രിയാകുന്നതിനോടുള്ള വിയോജിപ്പ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ അറിയിച്ചശേഷമാണ് സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കിയത്. മുഖ്യമന്ത്രി നിര്‍ദേശിക്കുന്നയാള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാനുള്ള ഭരണഘടന ബാധ്യത നിറവേറ്റുകയാണെന്നാണ് ഇതേക്കുറിച്ച് ഗവര്‍ണര്‍ പ്രതികരിച്ചത്.
രാജ്ഭവന്റെ സ്റ്റാന്‍ഡിങ് കോണ്‍സലിനുപുറമെ, ഭരണഘടനാവിദഗ്ധരായ മുതിര്‍ന്ന അഭിഭാഷകരില്നിന്നടക്കം നിയമോപദേശം തേടിയശേഷമാണ് ഗവര്‍ണറുടെ തീരുമാനം. ഭരണഘടനയെ അധിക്ഷേപിച്ചതിന്റെപേരില് രാജിവെച്ചയാള്‍ ആ കേസ് നിലനില്ക്കുമ്പോള് മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുന്നത് അസാധാരണ സാഹചര്യമാണെന്നായിരുന്നു കഴിഞ്ഞദിവസം ഗവര്‍ണര്‍ പറഞ്ഞത്. ഈ നിലപാടില്‍നിന്ന് അദ്ദേഹം മാറി. സജി ചെറിയാന് മന്ത്രിയാകുന്നതിന്റെ ധാര്‍മികവും നിയമപരവുമായ ബാധ്യത ഗവര്‍ണര്‍ക്കില്ലെന്നായിരുന്നു മുതിര്‍ന്ന അഭിഭാഷകരുടെ ഉപദേശം.
സത്യപ്രതിജ്ഞയെ ഗവര്‍ണര്‍ എതിര്‍ത്താല്‍ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ കൂടിയാലോചനയിലേക്ക് സര്‍ക്കാര്‍ കടന്നിരുന്നു. ചൊവ്വാഴ്ച വൈകീട്ട് എല്ലാ മന്ത്രിമാരോടും സെക്രട്ടേറിയറ്റിലേക്കെത്താന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഈ യോഗം നടക്കുന്നതിനുമുമ്പായി രാജ്ഭവനില്‍നിന്ന് അറിയിപ്പ് ലഭിച്ചു.
കഴിഞ്ഞവര്‍ഷം ജുലായ് ആറിന് പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ ഭരണഘടനയെ അധിക്ഷേപിക്കുന്ന പരാമര്‍ശമുണ്ടായെന്ന പരാതിയിലാണ് സജി ചെറിയാന് രാജിവെച്ചത്. വെള്ളിയാഴ്ച സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അദ്ദേഹത്തെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സര്‍ക്കാര്‍ സത്യപ്രതിജ്ഞയ്ക്ക് അനുമതിതേടി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്.
കെ.കെ. രാമചന്ദ്രന് നായരുടെ നിര്യാണത്തെത്തുടര്‍ന്ന് 2018ല്‍ ചെങ്ങന്നൂരില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ആദ്യമായി നിയമസഭാംഗമാകുന്നത്. 2021ല്‍ വീണ്ടും ജയിച്ച് മന്ത്രിസഭയിലെത്തി. മുമ്പ് വഹിച്ചിരുന്ന സാംസ്കാരികം, ഫിഷറീസ്, യുവജനകാര്യം എന്നീ വകുപ്പുകള്‍ സജി ചെറിയാന് വീണ്ടും ലഭിച്ചേക്കും. സജി ചെറിയാന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്ന ബുധനാഴ്ച കോണ്‍ഗ്രസ് കരിദിനമായി ആചരിക്കുമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന് അറിയിച്ചു.