കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം ഫെബ്രുവരി 24 മുതല്‍; പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ്
കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം അടുത്ത മാസം നടക്കും. ഫെബ്രുവരി 24,25,26 തീയതികളിലായി റായ് പൂരില്‍ വെച്ചാണ് സമ്മേളനം. ആറു വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനമാണിത്. ഖാര്‍ഗെയെ പാര്‍ട്ടി പ്രസിഡന്റായി തെരഞ്ഞെടുത്തത് സമ്മേളനം അംഗീകാരം നല്‍കും. പുതിയ പ്രവര്‍ത്തക സമിതിയെയും, പാര്‍ട്ടി ഭാരവാഹികളെയും സമ്മേളനം തെരഞ്ഞെടുക്കും.25 അംഗ പ്രവര്‍ത്തക സമിതിയാണ് തൂപീകരിക്കുക. ഇതില്‍ പാര്‍ട്ടി പ്രസിഡന്റ്, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് (സോണിയ ഗാന്ധി) എന്നിവര്‍ക്ക് പുറമേയുള്ളവരില്‍ 12 പേരെയാണ് തെരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കുക. ബാക്കി 11 പേരെ പ്രസിഡന്റ് നാമനിര്‍ദേശം ചെയ്യും.
25 വര്‍ഷം മുന്‍പ് കൊല്‍ക്കത്ത പ്ലീനറിയിലാണ് ഇതിനു മുന്‍പ് സമിതിയിലേക്കു തെരഞ്ഞെടുപ്പ് നടന്നത്. രമേശ് ചെന്നിത്തല, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.മുരളീധരന് എന്നിവര്‍ കേരളത്തില്‍ നിന്നും പ്രവര്‍ത്തക സമിതിയിലേക്ക് ഇടം തേടി രംഗത്തുണ്ട്. കെ സി വേണുഗോപാല്‍ പ്രവര്‍ത്തക സമിതിയില്‍ തുടര്‍ന്നേക്കും.