പുതുവത്സരത്തില്‍ കേരളം കുടിച്ചത് 107.14 കോടിയുടെ മദ്യം

Spread the love

തിരുവനന്തപുരം : പുതുവത്സര ദിനത്തില്‍ കേരളത്തില്‍ റിക്കോര്‍ഡ് മദ്യവില്‍പ്പന. ശനിയാഴ്ച മാത്രം 107.14 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വില്‍പ്പന നടത്തിയത്. 2022 ലെ പുതുവത്സര ദിനത്തില്‍ 95.67 കോടിയുടെ മദ്യമാണ് കേരളത്തില്‍ വില്‍പ്പന നടത്തിയിരുന്നത്. വിറ്റുവരവില്‍ 600 കോടി നികുതിയിനത്തില്‍ സര്‍ക്കാരിന് കിട്ടും.
1.12 കോടിയുടെ മദ്യം വിറ്റ തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്‌ലെറ്റിലായിരുന്നു ഏറ്റവും കൂടുതല്‍ വില്‍പ്പന. കൊല്ലം ആശ്രമം ഔട്ട്‌ലെറ്റില്‍ 96.59 ലക്ഷം രൂപയുടെ മദ്യം പുതുവര്‍ഷത്തലേന്ന് വിറ്റു. കാസര്‍കോഡ് ബട്ടത്തൂരിലാണ് ഏറ്റവും കുറവ് വില്‍പ്പന. 10.36 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ നിന്നും വില്‍പ്പന നടത്തിയത്. കേരളത്തില്‍ ഏറ്റവും പ്രിയം റമ്മിനാണ്. ഏറ്റവും കൂടുതല്‍ വിറ്റഴിച്ചതും റമ്മാണ്. സംസ്ഥാനത്തെ എല്ലാ ഔട്ട്‌ലെറ്റുകളിലും പത്ത് ലക്ഷം രൂപയ്ക്ക് മുകളില്‍ മദ്യം ഇന്നലെ വിറ്റു.
ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ കഴിഞ്ഞ പത്തു ദിവസത്തിനിടെ 686.28 കോടിയുടെ മദ്യമാണ് കേരളം കുടിച്ച് തീര്‍ത്തത്. കഴിഞ്ഞ വര്‍ഷത്തെ ഈ കാലയളവിലെ 10 ദിവസത്തെ മദ്യവില്‍പ്പന 649.32 കോടിയായിരുന്നു.
അതേ സമയം, ക്രിസ്മസ് ദിനത്തിലെ മദ്യവില്‍പ്പനയില്‍ ഈ വര്‍ഷം നേരിയ കുറവുണ്ടായിരുന്നു. 52.3 കോടിയുടെ മദ്യമാണ് ക്രിസ്മസ് ദിനത്തില്‍ ബെവ്‌ക്കോ ഔട്ട്‌ലെറ്റ് വഴി വിറ്റത്. കഴിഞ്ഞ വര്‍ഷം ക്രിസ്തുമസ് ദിവസം 54.82 കോടിയുടെ മദ്യമായിരുന്നു വിറ്റത്.

Leave a Reply

Your email address will not be published. Required fields are marked *