സിപിഎം സെക്രട്ടേറിയറ്റ് തീരുമാനിച്ചു; സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്
തിരുവനന്തപുരം: ഭരണഘടനയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട സജി ചെറിയാന്‍ വീണ്ടും സംസ്ഥാന മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിലാണ് സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരികെക്കൊണ്ടുവരാനുള്ള തീരുമാനം. കോടതി ക്ലീന്‍ചിറ്റ് നല്‍കിയതിന്റെ സാഹചര്യത്തിലാണ് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
അടുത്ത നിയമസഭാ സമ്മേളനത്തിന് മുന്‍പ് സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന. പഴയ വകുപ്പുകള്‍ തന്നെയായിരിക്കും സജി ചെറിയാന് നല്‍കുക. ഗവര്‍ണറുടെ സൗകര്യംകൂടി പരിഗണിച്ച് സത്യപ്രതിജ്ഞാ തീയതി തീരുമാനിക്കുമെന്നാണ് വിവരം.
ജൂലായ് മൂന്നിന് സജി ചെറിയാന്‍ മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. 50 മിനിട്ട് 12 സെക്കന്‍ഡാണ് സജി ചെറിയാന്‍ പ്രസംഗിച്ചത്. ഇതില്‍ രണ്ടുമിനിറ്റ് വരുന്നഭാഗത്താണ് ഭരണഘടനയെപ്പറ്റി പരാമര്‍ശം ഉണ്ടായത്. ഇത് പിന്നീട് വിവാദമാകുകയും സജി ചെറിയാന്റെ രാജിയിലേക്ക് നീങ്ങുകയുമായിരുന്നു.
പ്രസംഗവുമായി ബന്ധപ്പെട്ട് സജി ചെറിയാനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്ന് കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പോലീസ് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. തൊഴിലാളികളെ സംബന്ധിച്ച് പ്രസംഗിച്ചുവന്നപ്പോള്‍ വിമര്‍ശനാത്മകമായി ഭരണഘടനയെ പരാമര്‍ശിക്കുകയായിരുന്നെന്നാണ് പോലീസ് റിപ്പോര്‍ട്ട്.
പ്രസംഗത്തില്‍ മനപ്പൂര്‍വം ഭരണഘടനയെ അവഹേളിക്കാന്‍ സജിചെറിയാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നാണ് പോലീസ് അപേക്ഷയില്‍ പറഞ്ഞിരുന്നത്. സജി ചെറിയാനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമോപദേശം നല്‍കിയെന്നും പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍, കേസ് അവസാനിപ്പിക്കാന്‍ പോലീസ് നല്‍കിയ അപേക്ഷയില്‍ കോടതി തീരുമാനം ഇതുവരെ എടുത്തിട്ടില്ല. മാത്രമല്ല, കേസില്‍ പരാതിക്കാരന് നോട്ടീസ് അയച്ചിരിക്കുകയുമാണ്.