കലോത്സവം ആര്‍ഭാടങ്ങളുടെ വേദിയാക്കരുത്, അപകടമുണ്ടായാല്‍ സംഘാടകര്‍ക്കെതിരേ നടപടിയെടുക്കണം: ഹൈക്കോടതി
കൊച്ചി: കലോത്സവം ആര്‍ഭാടങ്ങളുടെ വേദിയാക്കരുതെന്ന് ഹൈക്കോടതി. അനാരോഗ്യകരമായ മത്സരങ്ങള്‍ നടക്കുന്നുണ്ടെന്നും കഴിവുണ്ടായിട്ടും പാവപ്പെട്ട നിരവധി കുട്ടികള്‍ക്ക് കലോത്സവത്തിന് പങ്കെടുക്കാനാകുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.സംസ്ഥാന സ്കൂള്‍ കലോത്സവത്തിനിടെ അപകടമുണ്ടായാല്‍ സംഘാടകര്‍ക്ക് എതിരെ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്കി.
ജില്ലാ കലോത്സവങ്ങളിലെ വിധിനിര്‍ണ്ണയം ചോദ്യം ചെയ്തുള്ള അപ്പീലുകള്‍ തള്ളിയതിനെതിരെ നിരവധി വിദ്യാര്‍ഥികളാണ് ഹൈക്കോടതിയിലേക്കെത്തിയത്. സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ആ ഹര്‍ജികള്‍ പരിശോധിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
ഹര്‍ജികള്‍ കോടതി കൂട്ടത്തോടെ നിരാകരിച്ചു. കൂടാതെ കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് സുപ്രധാനമായ ചില നിരീക്ഷണങ്ങള്‍ കോടതി പങ്കുവെയ്ക്കുകയും ചെയ്തു. കലോത്സവങ്ങള്‍ ആര്‍ഭാടങ്ങളുടെ വേദിയാകുന്നു എന്നായിരുന്നു ഹൈക്കോടതിയുടെ പ്രധാനപ്പെട്ട വിമര്‍ശനം.