ഇലന്തൂര്‍ നരബലി കേസ്;ആദ്യ കുറ്റപത്രം തയ്യാറാക്കി പൊലീസ്, മുഖ്യപ്രതി ഷാഫി

Spread the love

സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ഇലന്തൂര്‍ നരബലി കേസില്‍ ആദ്യ കുറ്റപത്രം തയ്യാറാക്കി പൊലീസ്. മുഖ്യപ്രതി ഷാഫിയടക്കം മൂന്ന് പ്രതികളുളള കേസില്‍ 150 സാക്ഷികളാണുള്ളത്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളുമാണ് അന്വേഷണസംഘത്തിന്റെ പിടിവളളി.

ഇലന്തൂര്‍ നരബലിയില്‍ എറണാകുളത്തും കാലടിയിലുമായി രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നു. തമിഴ്നാട് സ്വദേശിനി പദ്മയെ ഇലന്തൂരില്‍ കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലാണ് ആദ്യ കുറ്റപത്രം തയാറായത്. ധനസമ്പാദനത്തിനും ഐശ്വര്യത്തിനുമായി നരബലി നടത്താമെന്നും മനുഷ്യമാസം വിറ്റ് പണം സമ്പാദിക്കാമെന്നും മറ്റു രണ്ട് പ്രതികളെ പറഞ്ഞ് പ്രേരിപ്പിച്ച മുഹമ്മദ് ഷാഫിയാണ് ഒന്നാം പ്രതി. പാരമ്പര്യ ചികിത്സ നടത്തുന്ന ഇലന്തൂരിലെ ഭഗവല്‍ സിംഗ് ഇയാളുടെ ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. കൊലപാതകം, ഗൂഡാലോചന തട്ടിക്കൊണ്ടുപോകല്‍, മൃതദേഹത്തോട് അനാദരവ്, മോഷണം തുടങ്ങി നിരവധിക്കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ അന്വേഷണസംഘം ചുമത്തിയിരിക്കുന്നത്. വിചാരണയില്‍ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നും അന്തിമ റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം ഇലന്തൂരിലെ കൊലപാതകത്തില്‍ മറ്റ് ദൃക്സാഷികളില്ലാത്തതിനാല്‍ ശാസ്ത്രീയ തെളിവുകളും സിസിടിവി ദൃശ്യങ്ങളും സാഹചര്യത്തെളിവുകളുമാണ് പ്രോസിക്യൂഷന്റെ പ്രധാന പിടിവളളി.കേസിന്റെ വിചാരണയ്ക്കായി സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാനുളള പ്രാരംഭ നടപടികളും പൊലീസ് തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *