സങ്കല്‍പത്തിലെ പങ്കാളിയെപ്പറ്റി മനസ്സു തുറന്ന് രാഹുല്‍ ഗാന്ധി

Spread the love

ന്യൂഡല്‍ഹി: ഉരുക്കു വനിതയെന്നറിയപ്പെട്ട വാത്സല്യനിധിയായ മുത്തശ്ശിയുടെ ഗുണഗണങ്ങളുള്ള ഒരു വനിതയെയാണോ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നത് ? ഭാരത് ജോഡോ പദയാത്രയ്ക്കിടെ ഒപ്പം കൂടിയ യുട്യൂബ് അഭിമുഖകാരന്റെ വേറിട്ട ചോദ്യം രാഹുല്‍ ഗാന്ധിക്ക് ഇഷ്ടപ്പെട്ടു. നടപ്പിനിടെ ചിരിച്ചും ചിന്തിച്ചും, സങ്കല്‍പത്തിലെ ജീവിതസഖിയെപ്പറ്റി രാഹുലിന്റെ മറുപടി വേഗമെത്തി: അമ്മൂമ്മയുടെ സ്വഭാവമഹിമകള്‍ക്കൊപ്പം എന്റെ അമ്മയുടെ ഗുണഗണങ്ങള്‍ കൂടി ഇടകലര്‍ന്നു ശോഭിക്കുന്ന വനിതയായാല്‍ വളരെ നന്നായി.
ഏതാനും ദിവസം മുന്‍പു പദയാത്രയ്ക്കിടെ സംസാരിക്കാനെത്തിയ ‘ബോംബെ ജേണി’ അവതാരകനുമൊത്തുള്ള വിഡിയോ അഭിമുഖം രാഹുല്‍ സ്വന്തം യുട്യൂബ് ചാനലില്‍ പങ്കു വച്ചതാണ് ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് വിവാഹത്തെപ്പറ്റി ഇതാദ്യമായിട്ടാണ് മനസ്സു തുറക്കുന്നതെന്ന സവിശേഷതയുമുണ്ട്.
ജീവിതത്തിലെ സ്‌നേഹസ്വരൂപമാണ് മുത്തശ്ശി ഇന്ദിരാ ഗാന്ധിയെന്നും സോണിയ ഗാന്ധി കഴിഞ്ഞാല്‍ മുത്തശ്ശി തനിക്കു രണ്ടാമത്തെ അമ്മയാണെന്നും രാഹുല്‍ പറഞ്ഞപ്പോഴായിരുന്നു ജീവിതപങ്കാളിയെപ്പറ്റി ചോദ്യമെത്തിയത്. ചലനം എന്ന ആശയത്തോടുള്ള ഭാവാത്മകമായ ഇഷ്ടത്തെക്കുറിച്ചും രാഹുല്‍ സംസാരിച്ചു. നമ്മള്‍ വിമാനം പറത്തണം, വിമാനം നമ്മളെ പറത്തരുത് എന്ന് പൈലറ്റ് കൂടിയായിരുന്ന അച്ഛന്‍ രാജീവ് ഗാന്ധി പറയാറുണ്ടായിരുന്നതും ഓര്‍മിച്ചു. സ്വന്തം ഊര്‍ജം കൊണ്ട് സൈക്കിള്‍ ചവിട്ടിയുള്ള യാത്രയാണ് കാറിലും ബൈക്കിലും സഞ്ചരിക്കുന്നിനെക്കാള്‍ ഇഷ്ടപ്പെടുന്നത്. മുന്തിയ സ്‌പോര്‍ട്‌സ് ബൈക്കിനെക്കാളധികം സൗന്ദര്യം ഒരു പഴയ ലാംബ്രട്ടയില്‍ കാണുന്ന ഒരാളാണു താനെന്നും രാഹുല്‍ പറഞ്ഞു.
പപ്പു എന്നൊക്കെ വിളിച്ചു പരിഹസിക്കുന്നതില്‍ എതിരാളികളോട് പരിഭവം ഒട്ടുമില്ല. മിണ്ടാപ്പാവ എന്ന് ആദ്യമൊക്കെ പരിഹാസം കേട്ട ഇന്ദിരാ ഗാന്ധിയാണ് ഉരുക്കു വനിതയായത്. അവര്‍ എക്കാലവും ഉരുക്കു വനിതയായിരുന്നു. പപ്പു എന്നല്ല, പുതിയ പേരുകളുമായി വന്നാലും എനിക്ക് ഒരു പ്രശ്‌നവുമില്ല. എന്റെ മനസ്സ് വളരെ ശാന്തമാണ് -– വേഗത്തിലുള്ള നടപ്പ് തുടര്‍ന്നു കൊണ്ടു തന്നെ രാഹുല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *