ഐസിഐസിഐ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ പ്രമുഖ ബിസിനസ് സ്ഥാപനമായ വീഡിയോകോണ്‍ ഗ്രൂപ്പിന്റെ സ്ഥാപകന്‍ വേണുഗോപാല്‍ ദൂത് അറസ്റ്റില്‍
ഐസിഐസിഐ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ പ്രമുഖ ബിസിനസ് സ്ഥാപനമായ വീഡിയോകോണ്‍ ഗ്രൂപ്പിന്റെ സ്ഥാപകന്‍ വേണുഗോപാല്‍ ദൂത് അറസ്റ്റില്‍. വായ്പ തട്ടിപ്പ് കേസില്‍ ഐസിഐസിഐ ബാങ്ക് മുന്‍ സിഇഒ ചന്ദാ കൊച്ചാറിനെയും ഭര്‍ത്താവിനെയും പിടികൂടിയതിന് പിന്നാലെയാണ് വേണുഗോപാല്‍ ദൂതിനെയും സിബിഐ അറസ്റ്റ് ചെയ്തത്.
വീഡിയോകോണ്‍ ഗ്രൂപ്പിന് 3250 കോടി രൂപയുടെ വായ്പ അനധികൃതമായി അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. വായ്പ തിരിമറി ബാങ്കിങ് നിയമങ്ങളുടെയും ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങളുടെയും ലംഘനമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് സിബിഐ നടപടി. അഴിമതി, ക്രിമനല്‍ ഗൂഢാലോചന എന്നി വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
2012ലാണ് കേസിനാസ്പദമായ സംഭവം. ചന്ദാ കൊച്ചാര്‍, ചന്ദാ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വേണുഗോപാല്‍ ദൂത് എന്നിവര്‍ക്ക് പുറമേ വേണുഗോപാല്‍ ദൂതിന്റെ കമ്പനികളായ വീഡിയോകോണ്‍ ഇന്റര്‍നാഷണല്‍ ഇലക്ട്രോണിക്സ് ലിമിറ്റഡ്, വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നി കമ്പനികളെയും സിബിഐ പ്രതി ചേര്‍ത്തിട്ടുണ്ട്. ആരോപണവിധേയമായ ദീപക് കൊച്ചാറിന്റെ ഉടമസ്ഥതയിലുള്ള ന്യൂപവര്‍ റിന്യൂവബിള്‍സ്, സുപ്രീം എനര്‍ജി എന്നി കമ്പനികളെ കുറിച്ചും സിബിഐ അന്വേഷിക്കുന്നുണ്ട്. വായ്പ അനുവദിച്ചതിന് പകരമായി സുപ്രീം എനര്‍ജി വഴി ന്യൂപവര്‍ റിന്യൂവബിള്‍സില്‍ വേണുഗോപാല്‍ ദൂത് 64 കോടിയുടെ നിക്ഷേപം നടത്തിയതായും സിബിഐ ആരോപിക്കുന്നു