കോവിഡ് ജാഗ്രത; വിമാനത്താവളത്തിൽ ആർടിപിസിആർ നിർബന്ധം;
ന്യൂഡൽഹി: ചൈന, ജപ്പാൻ അടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര യാത്രക്കാർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർ നിർബന്ധമായി ആർടിപിസിആർ ടെസ്റ്റ് നടത്തണം. ഇതിനായി എയർ സുവിധ പോർട്ടൽ നടപ്പാക്കും.
ഇന്ത്യയിലെത്തിയ ശേഷം പോസിറ്റീവായാൽ അവരെ ക്വാറന്റൈൻ ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കി. പരിശോധനയിൽ നെഗറ്റീവ് കാണിക്കുന്ന ലക്ഷണങ്ങൾ ഉള്ളവരേയും ഹോം ക്വാറന്റൈനിലേക്ക് മാറ്റും. ഈ അഞ്ച് രാജ്യങ്ങളിൽ നിന്ന് വരുന്നവർ കോവിഡില്ല, ലക്ഷണങ്ങളില്ല എന്നതടക്കം വ്യക്തമാക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം കൈയിൽ കരുതണം.