ഇനിമുതല്‍ പൊലീസിനു നേരിട്ടു ‘കാപ്പ’ ചുമത്താം

Spread the love

തിരുവനന്തപുരം: പൊലീസ് സ്വമേധയാ റജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ നിഷ്പക്ഷരായ ദൃക്‌സാക്ഷികളുടെ മൊഴിപ്രകാരം കാപ്പ ( കേരള ആന്റി സോഷ്യല്‍ ആക്ടിവീറ്റീസ് (പ്രിവന്‍ഷന്‍) ആക്ട്) ചുമത്താന്‍ തീരുമാനം. കലക്ടര്‍മാരുടെ അധ്യക്ഷതയിലുള്ള സമിതിയാണ് നിലവില്‍ കാപ്പ അറസ്റ്റുകള്‍ക്ക് അനുമതി നല്‍കുന്നത്. പൊലീസിനു ഇനി നേരിട്ടു കാപ്പ ചുമത്താന്‍ കഴിയും. ആഭ്യന്തര വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഡിജിപിയും ജില്ലാ കലക്ടര്‍മാരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
കാപ്പ നിയമപ്രകാരം സ്ഥിരം കുറ്റവാളികളെ ഒരു വര്‍ഷംവരെ സ്വന്തം ജില്ലയില്‍ പ്രവേശിപ്പിക്കുന്നത് തടയാം. ആറുമാസംവരെ വിചാരണ കൂടാതെ തടങ്കലില്‍ വയ്ക്കാം. കാപ്പ നിയമപ്രകാരം ഒരു വര്‍ഷത്തിനിടെ 734 അറസ്റ്റുകള്‍ക്ക് പൊലീസ് അനുമതി തേടിയെങ്കിലും കലക്ടര്‍മാര്‍ അനുവദിച്ചത് 245 എണ്ണം മാത്രമായിരുന്നു. സ്ഥിരം കുറ്റവാളികളെ കാപ്പ നിയമപ്രകാരം അറസ്റ്റു ചെയ്യാന്‍ കഴിയാത്തതിനാല്‍ ജില്ലാ പൊലീസ് മേധാവിമാര്‍ ഡിജിപിയെ പരാതി അറിയിച്ചു.
ഡിജിപി നിരവധി തവണ ആഭ്യന്തരവകുപ്പിനു റിപ്പോര്‍ട്ടു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേര്‍ന്നത്. ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്വമേധയാ എടുത്ത കേസുകളില്‍ കാപ്പ പ്രകാരം കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ യോഗം തീരുമാനിച്ചു. രാഷ്ട്രീയ സ്വഭാവമുള്ളതെങ്കിലും ഐപിസി പ്രകാരം ഗുരുതര കുറ്റകൃത്യമാണെങ്കില്‍ കാപ്പ ചുമത്താം. രാഷ്ട്രീയ എതിരാളികളെ ഏകപക്ഷീയമായി കാപ്പ കേസുകളില്‍ പെടുത്താന്‍ കഴിയുമെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.
ജാമ്യവ്യവസ്ഥയ്ക്കു വിരുദ്ധമായി പ്രതി പ്രവര്‍ത്തിച്ചാല്‍, ജാമ്യം റദ്ദാക്കാന്‍ കോടതിക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം കാപ്പ നിയമപ്രകാരം നടപടിയെടുക്കാം. കോടതിയുടെ തീരുമാനത്തിനു കാത്തു നില്‍ക്കാതെ നടപടികള്‍ ആരംഭിക്കാം. കാപ്പ നിയമത്തിനു കീഴില്‍ വരുന്ന കുറ്റകൃത്യങ്ങള്‍ മാത്രമേ നടപടിക്കു പരിഗണിക്കാവൂ. ചെറിയ കുറ്റങ്ങള്‍ പരിഗണിക്കരുത്. പ്രതി കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നതിനെ തടയുന്ന തരത്തിലുള്ളതാണ് നിലവിലെ ജാമ്യ വ്യവസ്ഥകളെങ്കില്‍ കാപ്പ വകുപ്പുകള്‍ ചുമത്തരുത്. ലഹരിമരുന്നു കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ ചെറിയ തോതില്‍ ലഹരിവസ്തു പിടികൂടിയാലും ശക്തമായ കരുതല്‍ തടങ്കല്‍ നടപടി വേണമെന്നും യോഗം നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *