തമിഴ്‌നാട് തക്കലയില്‍ നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു
തിരുവനന്തപുരം: തമിഴ്‌നാട് തക്കലയില്‍ നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. സംഭവ ശേഷം വീട്ടിലെത്തിയ ഭര്‍ത്താവ് ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തക്കല അഴകിയ മണ്ഡപം തച്ചക്കോട് സ്വദേശി ജെബ പ്രിന്‍സയെ (31) ആണ് ഭര്‍ത്താവ് എബനേസര്‍ (35) കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി തക്കലയ്ക്ക് സമീപം പരയ്‌ക്കോട്ടിലാണ് സംഭവം.
കഴിഞ്ഞ മൂന്ന് മാസമായി തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പഠിക്കുകയാണ് ജെബ പ്രിന്‍സ. ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പഠിക്കാന്‍ പോയ പ്രിന്‍സയുടെ വസ്ത്രധാരണ രീതിയില്‍ വന്ന മാറ്റത്തെ ചൊല്ലി ഇരുവരും നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ പ്രിന്‍സയുടെ പിതാവ് ജെബ സിംഗ് ഇവരെ മൂലച്ചലിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി. ഇതിന് ശേഷം വീട്ടിലേക്ക് പോകാനായി ഇരുവരും ഒരുമിച്ച് ഇറങ്ങിയെങ്കിലും റോഡില്‍ വെച്ച് വീണ്ടും തര്‍ക്കമുണ്ടായി. ഇതില്‍ പ്രകോപിതനായ എബനേസര്‍ തന്റെ ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ച അരിവാളുകൊണ്ട് പ്രിന്‍സയെ വെട്ടുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
പ്രിന്‍സയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും എബനേസര്‍ രക്ഷപ്പെട്ടിരുന്നു. തലയ്ക്ക് സാരമായ പരിക്കേറ്റ പ്രിന്‍സ സംഭവസ്ഥലത്ത് തന്നെ മരിച്ചു. തക്കല പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇതിനിടെ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയ പ്രതി എബനേസര്‍ ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എബനേസര്‍ ആശുപത്രി വിട്ടാലുടന്‍ അറസ്റ്റ് ചെയ്യുമെന്ന് തക്കല പൊലീസ് പറഞ്ഞു. ഇരുവര്‍ക്കും ജെബ ശോഭന്‍ (14), ജെബ ആകാശ് (13) എന്നീ മക്കളുണ്ട്.
സമാനമായ രീതിയില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയിലും ഒരു കൊലപാതകം നടന്നിരുന്നു. ഒരുമിച്ച് താമസിക്കുകയായിരുന്ന സിന്ധു തന്നില്‍ നിന്നും അകലുകയാണെന്ന സംശയത്തെ തുടര്‍ന്ന് ഇവരുടെ പങ്കാളി രാജേഷാണ് കൊല നടത്തിയത്. തിരക്കുള്ള റോഡില്‍ വച്ച് പകല്‍ ഒമ്പത് മണിയോടെയായിരുന്നു സിന്ധുവിനെ രാജേഷ് വെട്ടിക്കൊലപ്പെടുത്തിയത്.