ബഫര്‍ സോണിലെ ജനവാസ കേന്ദ്രങ്ങളുടെ നിര്‍ണയത്തില്‍ വ്യാപക പിഴവ്
തിരുവനന്തപുരം: വനാതിര്‍ത്തിയിലെ ബഫര്‍ സോണ്‍ നിര്‍ണയിക്കുന്നതിനായി സംസ്ഥാനം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യാപക പിഴവ്. അവ്യക്ത എങ്ങനെ നീക്കുമെന്നതില്‍ വനം വകുപ്പിന് മറുപടിയില്ലെന്ന് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നു. സംസ്ഥാന റിമോട്ട് സെന്‍സിംഗ് എന്‍വയോണ്‍മെന്റ് സെന്റര്‍ തയ്യാറാക്കിയ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടും, ഭൂപടവും അപൂര്‍ണമെന്നാണ് ആക്ഷേപം. വിട്ടുപോയ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ദ്ദേശിച്ചുവെന്ന വനം വകുപ്പ് വാദത്തില്‍ ആത്മാര്‍ത്ഥതയില്ലെന്നാണ് കര്‍ഷക സംഘടനകളുടെ പരാതി.
സംസ്ഥാനത്ത് 24 വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തിയിലെ ജനവാസ മേഖലകളാണ് നിര്‍ണയിക്കേണ്ടത്. ബഫര്‍ സോണ്‍ നിര്‍ണ്ണയത്തിനുള്ള സുപ്രീംകോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനം നടപടികള്‍ ആരംഭിച്ചത്. സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്‍ന്റര്‍ ഉപഗ്രഹ സര്‍വ്വേയിലൂടെ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്. ഭൂവിനിയോഗം,വീടുകള്‍,കൃഷിയിടങ്ങള്‍ ,കെട്ടിടങ്ങള്‍,പൊതു സ്ഥാപനങ്ങള്‍ എന്നിവയെല്ലാം പ്രത്യേകമായി മാര്‍ക്ക് ചെയ്യേണ്ടതുണ്ട്. എന്നാല്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീനിധീകരിച്ച ഭൂപടം പലയിടത്തും അപൂര്‍ണം. കണ്ണൂര്‍ ജില്ലയിലെ ആറളം,കൊട്ടിയൂര്‍ വന്യജീവിസങ്കേതതങ്ങളുടെ അതിര്‍ത്തിയില്‍ വരുന്ന സര്‍വ്വെ നമ്പറുകള്‍ അവ്യക്തം. കോഴിക്കോട് ജില്ലയിലെ മലബാര്‍ വന്യജീവി സങ്കേതത്തിന്റെ 1 കിലോമീറ്റര്‍ പരിധിക്ക് പുറത്തുളള വില്ലേജുകളും പട്ടികയിലുണ്ട്. പെരിയാര്‍ കടുവ സങ്കേതത്തിന് സമീപമുളള വില്ലേജാവട്ടെ മാപ്പില്‍ ഇടം പിടിച്ചിട്ടില്ല. പെരിനാട് വില്ലേജ് ഏത് പട്ടികയില്‍ ഉള്‍പ്പെടുമെന്നതില്‍ വ്യക്തതയില്ല. മാസങ്ങള്‍ പ്രസിദ്ധീകരിക്കാതെ വച്ച റിപ്പോര്‍ട്ടില്‍ ആക്ഷേപം അറിയിക്കാനുള്ള അവസാന തീയതി ഈ മാസം 23 ആണ്.
ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയാണ് പ്രധാന കെട്ടിടങ്ങള്‍ നിര്‍ണയിച്ചത്. ഗ്രൗണ്ട് മാപ്പിങ് നടന്നില്ല. റവന്യൂ രേഖകളെ കാര്യമായി ആശ്രയിക്കാനായില്ല. കൃത്യത ഉറപ്പാക്കാന്‍ നിയോഗിച്ച വിദഗ്ധസമിതി എന്ത് ചെയ്തെന്ന കാര്യത്തില്‍ വ്യക്തതയില്ല. പിഴവ് പരിഹരിക്കാന്‍ സ്ഥലപരിശോധന വേണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നു.