ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് മൊറോക്കോയേ തോൽപ്പിച്ച് ഫ്രാൻസ്
ഫ്രാൻസ് – അർജന്റീന ഫൈനൽ.ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് മൊറോക്കോയേ തോൽപ്പിച്ച് ഫ്രാൻസ്
മൊറോക്കോയെ തകർത്ത് ഫ്രാൻസ് ഫൈനലിൽ. ഏകപക്ഷീയമായ രണ്ട് ഗോളിനായിരുന്നു ഫ്രഞ്ച് പടയുടെ വിജയം.
തിയോ ഹെർണാണ്ടസ്, കോളോ മുവാനി എന്നിവർ ഫ്രാൻസിനായി ലക്ഷ്യം കണ്ടു.
ടൂർണമെന്റിൽ ഇത് വരെ ഗോൾ വഴങ്ങാതിരുന്ന മൊറോക്കൻ പ്രതിരോധത്തെ മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ ഫ്രാൻസ് മറികടന്നു.
പ്രതിരോധ താരം തിയോ ഹെർണാണ്ടസാണ് മൊറോക്കൻ വല കുലുക്കിയത്.
കിലിയൻ എംബപ്പെയുടെ ബുള്ളറ്റ് ഷോട്ട് മൊറോക്കോ പ്രതിരോധത്തിൽ തട്ടി തെറിച്ചതിനു പിന്നാലെയാണ് റീബൗണ്ടിൽ നിന്ന് ഹെർണാണ്ടസ് ലക്ഷ്യം കണ്ടത്.
തുടക്കത്തിലെ ഗോൾ വഴങ്ങിയതോടെ മൊറോക്കോയും പ്രത്യാക്രമണം കടുപ്പിച്ചു. എന്നാൽ മികച്ച മുന്നേറ്റങ്ങൾ ഗോളാക്കി മാറ്റുന്നതിൽ മൊറോക്കൻ നിര പരാജയപ്പെട്ടു. ആക്രമണങ്ങൾ തുടരുന്നതിനിടെ 79-ാം മിനിറ്റിൽ കോളോ മുവാനി വീണ്ടും ഫ്രാൻസിനായി ഗോൾ നേടിയതോടെ മൊറോക്കൻ കുതിപ്പിന് അന്ത്യമായി.
പകരക്കാരനായി കളത്തിലിറങ്ങി 44-ാം സെക്കൻഡിലാണ് മുവാനിയുടെ അതിവേഗ ഗോൾ. എംബാപ്പെയാണ് ഫ്രാൻസിന്റെ രണ്ടാം ഗോളിനും വഴിയൊരുക്കിയത്.
മൊറോക്കോ ബോക്സിനുള്ളിൽ എംബപ്പെ നടത്തിയ തകർപ്പൻ മുന്നേറ്റത്തിനൊടുവിൽ പന്തു ലഭിച്ച മുവാനി അനായാസം പന്ത് വലയിലാക്കുകയായിരുന്നു.
ഫ്രഞ്ച് പടയുടെ തുടർച്ചയായ രണ്ടാം ഫൈനലാണിത്. വരുന്ന ഞായറാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഫ്രാൻസ് അർജന്റീനയെ നേരിടും.