രാജ്യാന്തര ചലച്ചിത്ര മേള: കിം കി ഡുക്കിന്റെ അവസാന സിനിമയായ ‘കാൾ ഓഫ് ഗോഡി’ന്റെ ആദ്യ പ്രദർശനം ഇന്ന്.
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കൊറിയൻ സംവിധായകൻ കിം കി ഡുക്കിന്റെ അവസാന സിനിമയായ ‘കാൾ ഓഫ് ഗോഡി’ന്റെ ആദ്യ പ്രദർശനം ഇന്ന്. ഇതുൾപ്പെടെ 66 ചിത്രങ്ങൾ ഇന്ന് ആസ്വാദകർക്ക് കാണാം. 11 മത്സര ചിത്രങ്ങളും ഇന്ന് പ്രദർശിപ്പിക്കും.
സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ‘വഴക്ക്’, ലിജോ ജോസ് പെല്ലിശേരിയുടെ ‘നൻപകൽ നേരത്തു മയക്കം’ എന്നീ ചിത്രങ്ങളുടെ രണ്ടാം പ്രദർശനം ഉൾപ്പെടെ 10 മലയാള ചിത്രങ്ങളാണ് ഇന്ന് പ്രേക്ഷകർക്കു മുന്നിലെത്തുക.‘ഫ്രീഡം ഫൈറ്റ്’, ‘പട’,‘നോർമൽ’ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ.
അന്തരിച്ച എഴുത്തുകാരൻ ടിപി രാജീവനു പ്രണാമം അർപ്പിച്ചു ഹോമജ് വിഭാഗത്തിൽ ‘പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’യുടെ പ്രദർശനവും ഇന്നു നടക്കും.
മത്സര ചിത്രങ്ങളായ ‘കെർ’,‘എ പ്ലേസ് ഓഫ് അവർ ഓൺ’ എന്നിവയുടെ ആദ്യ പ്രദർശനവും ‘ക്ലോണ്ടൈക്’,‘ഹൂപ്പോ’ എന്നിവയുടെ അവസാന പ്രദർശനവും ഇന്നാണ്. മത്സര വിഭാഗത്തിൽ തുർക്കി ത്രില്ലർ ചിത്രം ‘കെർ’, ഹിന്ദി ചിത്രം ‘ഏക് ജഗഹ് അപ്നി’ എന്നിവയുടെ ആദ്യ പ്രദർശനവും ഇന്നാണ്.
സൗത്ത് ആഫ്രിക്കൻ ചിത്രം ‘സ്റ്റാൻഡ് ഔട്ട്’, ഫ്രഞ്ച് ചിത്രം ‘ട്രോപിക്’, സൈക്കളോജിക്കൽ ത്രില്ലർ ‘ബറീഡ്’, മിയ ഹാൻസെൻ ലൗ ചിത്രം ‘വൺ ഫൈൻ മോണിങ്’ തുടങ്ങി 20 സിനിമകളാണ് ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുക. ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ ബേലാ താറിന്റെ ‘വെർക്മെയ്സ്റ്റർ ഹാർമണീസ്’, ജോണി ബെസ്റ്റ് തത്സമയ സംഗീതം ഒരുക്കുന്ന ‘ഫാന്റം കാര്യേജ് ’, സെർബിയൻ ചിത്രം ‘ഫാദർ’ എന്നിവയുടെ പ്രദർശനവും ഇന്ന് നടക്കും.