ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റൊയെ ഒന്നാം പ്രതിയാക്കി പൊലീസ് വീണ്ടും രണ്ടു കേസെടുത്തു
വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ നടന്ന സമരത്തിലുണ്ടായ അക്രമത്തിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റൊയെ ഒന്നാം പ്രതിയാക്കി പൊലീസ് വീണ്ടും രണ്ടു കേസെടുത്തു. തുറമുഖ നിർമാണത്തെ തടസ്സപ്പെടുത്തുന്ന രീതിയിൽ സമരം നടത്തിയതിനും തുറമുഖ നിർമാണം നടക്കുന്ന പ്രദേശത്തേക്ക് അതിക്രമിച്ചു കയറിയതിനുമാണ് കേസ് റജിസ്റ്റർ ചെയ്തത്. ഇതോടെ ആർച്ച് ബിഷപ്പിനെതിരെ റജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം മൂന്നായി. നവംബർ 27ന് നടന്ന സമരവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിന്റെ പേരിൽ ആർച്ച് ബിഷപ്പിനെതിരെ കേസ് എടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സമരസമിതി പ്രവർത്തകർ വിഴിഞ്ഞം സ്റ്റേഷൻ ആക്രമിച്ചത്.
പ്രതികൾ അന്യായമായി സംഘം ചേർന്ന് അദാനി പോർട്ടിന്റെ നിർമാണം തടസ്സപ്പെടുത്തിയതായി വിഴിഞ്ഞം എസ്ഐ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു. നിർമാണ പ്രവർത്തനം തടസ്സപ്പെടുത്താൻ പാടില്ലെന്ന ഹൈക്കോടതി വിധി നിലനിൽക്കെയാണ് പ്രതികൾ ആദാനി പോർട്ടിലെ അതീവ സുരക്ഷാ മേഖലയിൽ കടന്നു കയറിയത്. പിരിഞ്ഞു പോകണമെന്ന പൊലീസിന്റെ നിർദേശം സമരക്കാർ മുഖവിലയ്ക്കെടുത്തില്ലെന്നും എഫ്ഐആറിൽ പറയുന്നു. ഈ കേസില്‍ സഹായ മെത്രാൻ ക്രിസ്തുദാസ് രണ്ടാം പ്രതിയും വികാരി ജനറൽ യൂജിൻ എച്ച്.പെരേര മൂന്നാം പ്രതിയുമാണ്. ഏഴു പുരോഹിതരെയും സമരത്തിൽ പങ്കെടുത്തവരെയും പ്രതി ചേർത്തിട്ടുണ്ട്.
പ്രതികൾ തുറമുഖ നിർമാണത്തിനെതിരെ ബാനർ ഉയർത്തി അദാനി പോർട്ടിലേക്കു പോകുന്ന റോഡിൽ സമരം ചെയ്തു നിർമാണം തടസ്സപ്പെടുത്തിയതായി എസ്ഐ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ റജിസ്റ്റർ ചെയ്ത രണ്ടാമത്തെ എഫ്ഐആറിൽ പറയുന്നു. ഈ കേസില്‍ സഹായ മെത്രാൻ ക്രിസ്തുദാസ് രണ്ടാം പ്രതിയും വികാരി ജനറൽ യൂജിൻ എച്ച്.പെരേര മൂന്നാം പ്രതിയുമാണ്. പുരോഹിതരെയും സമരത്തിൽ പങ്കെടുത്തവരെയും പ്രതി ചേർത്തിട്ടുണ്ട്.