വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് വൻ സുരക്ഷ ഏർപ്പെടുത്തി

Spread the love

തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് വൻ സുരക്ഷ ഏർപ്പെടുത്തി പൊലീസ്. പ്രദേശത്തെ ക്രമസമാധാന പാലനത്തിന് കൂടുതൽ എസ്പിമാരേയും ഡിവൈഎസ്പിമാരേയും നിയോഗിച്ചു. സമരക്കാരുടെ ആക്രമണത്തിൽ 36 പൊലീസുകാർക്കാണ് പരുക്കേറ്റത്. ഇതിൽ രണ്ടുപേരുടെ നില ​ഗുരുതരമാണ്.

സംഘർഷത്തിൽ പരുക്കേറ്റ എസ്‌ഐ ഉൾപ്പെടെ 18 പൊലീസുകാരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കാലൊടിഞ്ഞ എസ് ഐ ലിജോ പി മണിയെ എസ്പി ഫോർട്ട് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പരുക്കേറ്റവരെ മെഡിക്കൽ കോളജുൾപ്പെടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ആക്രമണത്തിന്റേയും സംഘർഷത്തിന്റേയും പശ്ചാത്തലത്തിൽ വിഴിഞ്ഞത്ത് രാവിലെ സർവകക്ഷി യോഗം ചേരുമെന്ന് ജില്ലാ കളക്ടർ. സർവകക്ഷി യോഗത്തിൽ മന്ത്രിമാരെ പങ്കെടുപ്പിക്കാൻ ശ്രമിക്കുമെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. സംഘർഷം ഉണ്ടായതുൾപ്പെടെയുള്ള കാര്യങ്ങൾ ഹൈക്കോടതിയെ ധരിപ്പിക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

തുറമുഖ നിർമാണ വിഷയത്തിൽ ചർച്ച ഇന്നും തുടരുമെന്നാണ് കളക്ടർ അറിയിക്കുന്നത്. 144 പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. വിഴിഞ്ഞത്ത് വൻ പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അഞ്ച് ജില്ലകളിൽ നിന്നായി ആയിരത്തിലധികം പൊലീസുകാരെ വിന്യസിക്കുമെന്ന് എഡിജിപി എം ആർ അജിത് കുമാർ അറിയിച്ചു.

കസ്റ്റഡിയിലെടുത്ത അഞ്ചുപേരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചത്. പൊലീസ് സ്‌റ്റേഷൻ അടിച്ചുതകർത്ത സമരക്കാർ എസ്എച്ച്ഒ ഉൾപ്പെടെയുള്ളവരെ തടഞ്ഞുവച്ചു. പൊലീസ് വാഹനങ്ങളും വയർലെസ് ഉൾപ്പെടെയുള്ള ഉപകരണങ്ങളും സമരക്കാർ തകർത്തു.

Leave a Reply

Your email address will not be published. Required fields are marked *