ശബരിമലയില്‍ എല്ലാവര്‍ക്കും പ്രവേശനമെന്ന പൊലീസിന്റെ വിവാദ കൈപ്പുസ്തകം

Spread the love

ശബരിമലയില്‍ എല്ലാവര്‍ക്കും പ്രവേശനമെന്ന പൊലീസിന്റെ വിവാദ കൈപ്പുസ്തകം പിന്‍വലിച്ചെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. ശബരിമലയില്‍ എല്ലാവരെയും പ്രവേശിപ്പിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ല. കോടതി നിര്‍ദേശപ്രകാരമായിരിക്കും തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല തീര്‍ത്ഥാടന സീസണ് മുന്നോടിയായിട്ടാണ് പൊലീസുകാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

ശബരിമലയില്‍ മുമ്പുണ്ടായിരുന്ന രീതിയില്‍ തന്നെ പ്രവേശനം തുടരും. പുസ്തകത്തിലുള്ളത് അച്ചടി പിശക് മാത്രമാണ്. കേസ് കോടതിയുടെ പരിഗണനയിലാണെന്നും മന്ത്രി പ്രതികരിച്ചു. സര്‍ക്കുലറില്‍ പിശക് പറ്റിയതാണെന്ന് ആഭ്യന്തര വകുപ്പും സമ്മതിച്ചു. 2018ലെ സുപ്രിംകോടതി വിധി നടപ്പാക്കണമെന്നായിരുന്നു നിര്‍ദേശം. സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു.

സുപ്രിംകോടതി വിധി പ്രകാരം എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് തീര്‍ത്ഥാടനം അനുവദിച്ചിട്ടുണ്ടെന്ന നിര്‍ദേശത്തിനോടാണ് എതിര്‍പ്പെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. വിശ്വാസികള്‍ ഒരിക്കല്‍ തിരുത്തിച്ചതാണെന്നും വീണ്ടും അവിവേകത്തിന് മുതിര്‍ന്നാല്‍ പഴയതൊന്നും ഓര്‍മ്മിപ്പിക്കരുതെന്നും സുരേന്ദ്രന്‍ പറഞ്ഞു.ഡ്യൂട്ടിയില്‍ ഉള്ള പൊലീസുകാര്‍ എല്ലാം ആചാരങ്ങള്‍ പാലിക്കണം എന്നും സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നുണ്ട്. ശബരിമലയില്‍ വിവിധയിടങ്ങളില്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്കായാണ് നിര്‍ദേശങ്ങള്‍ അടങ്ങിയ കൈപ്പുസ്തകം നല്‍കിയിട്ടുള്ളത്. സുപ്രിംകോടതിയുടെ വിധി ന്യായ പ്രകാരം എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന് ഇതിലെ ഒന്നാമത്തെ നിര്‍ദേശമായാണ് നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *