ശബരിമല തീര്‍ത്ഥാടനത്തിനായി നാളെ നട തുറക്കും
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിനായി നാളെ നട തുറക്കും. ബുധനാഴ്ച വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന് നമ്പൂതിരി നട തുറക്കും. കോവിഡ് നിയന്ത്രണങ്ങളെല്ലാം നീക്കിയശേഷമുള്ള ആദ്യ തീര്‍ത്ഥാടനകാലമാണ് തിരിച്ചെത്തുന്നത്.
എന്നാല്‍ ബുക്കു ചെയ്യാത്തവര്‍ക്ക് ഇത്തവണ ശബരിമലയിലേക്ക് പ്രവേശനം ഇല്ല. ഓണ്‍ലൈനിലും സ്പോട്ട് ബുക്കിങ്ങ് കൗണ്ടറുകളിലും ബുക്കു ചെയ്യാം. കെഎസ്ആര്‍ടിസിയുടെ 500 ബസ് സര്‍വീസ് നടത്തും. പമ്പ- നിലയ്ക്കല്‍ റൂട്ടില്‍മാത്രം 200 ബസ് ഓരോ മിനിറ്റ് ഇടവേളയിലുണ്ടാകും.
സുരക്ഷയ്ക്കായി മൊത്തം 13,000 പൊലീസുകാരെ ശബരിമലയില്‍ വിന്യസിക്കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ 134 സിസിടിവി കാമറ സ്ഥാപിച്ചു. ഇടത്താവളങ്ങളിലും പ്രത്യേക സുരക്ഷാസംവിധാനം ഉണ്ടാകും.
പമ്പയിലും സന്നിധാനത്തുമായി 18 അടിയന്തര ചികിത്സാകേന്ദ്രമാണ് (ഇഎംസി) സജ്ജീകരിക്കുന്നത്. പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിലായി 2445 ശുചിമുറി ഒരുക്കി. ശുചീകരണത്തിന് ഏകദേശം 1200 വിശുദ്ധി സേനാംഗങ്ങളെ കൂടാതെ ഇരുനൂറോളം പേരെ ഏർപ്പെടുത്തിയിട്ടുണ്ട്.