കാരുണ്യ വണ്ടിയായി ബ്ലൂ ഹിൽ ബസും ജീവനക്കാരും

Spread the love

തൊടുപുഴ :ബസിൽ എന്നും കാണുന്ന വയോധിക ദമ്പതിമാരെ തുടർച്ചയായി രണ്ട് ദിവസം കാണാതായതോടെയാണ് തൊടുപുഴ-തോപ്രാംകുടി റൂട്ടിൽ സർവീസ് നടത്തുന്ന ‘ബ്ലൂഹിൽ’ ബസിലെ ജീവനക്കാർ കാരണം തിരക്കിപ്പോയത്. അപ്പോഴാണ് ദമ്പതിമാരുടെ ദൈന്യത നിറഞ്ഞ ജീവിതം സഹയാത്രികർപോലും അറിയുന്നത്. ഇരുവരും അർബുദരോഗ ബാധിതരാണ്. വയോധികന് രോഗം മൂർച്ഛിച്ചതോടെയാണ് സ്ഥിരം യാത്ര മുടങ്ങിയത്. ഇതോടെ ദമ്പതിമാരുടെ ചികിത്സയ്ക്ക് സാമ്പത്തിക സഹായം നൽകാനുള്ള ചുമതല ഏറ്റെടുത്തിരിക്കുകയാണ് ബസിലെ ഡ്രൈവറായ ജയൻ തോമസും കണ്ടക്ടർ റിൻസ് ജോണും.

ദമ്പതിമാരെ സഹായിക്കണമെന്ന ആവശ്യം ഇവർ ബസ്സുടമയെ അറിയിച്ചപ്പോൾ എല്ലാ പിന്തുണയും നൽകി. അടുത്ത ദിവസം ബസിലെ സ്ഥിരം യാത്രക്കാരോട് കാര്യം പറഞ്ഞപ്പോൾ അവരും സഹായിക്കാൻ തയ്യാറായി. ബസിൽ കയറുന്ന എല്ലാ യാത്രക്കാരേയും ഇതിൽ പങ്കാളികളാക്കാനും തീരുമാനിച്ചു. സഹായിക്കാനുള്ള തങ്ങളുടെ തീരുമാനം അറിയിച്ചപ്പോൾ ദമ്പതിമാർ ആദ്യമത് നിഷേധിച്ചു. എന്നാൽ ഇരുവരുടേയും പേരോ മറ്റ് വിവരങ്ങളോ പരസ്യപ്പെടുത്താതെ തന്നെ ബസ് ജീവനക്കാർ തങ്ങളുടെ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു.

ആദ്യമായി ‘ബ്ലൂഹിൽ’ വാട്സാപ്പ് കൂട്ടായ്മയിൽ കാര്യം അറിയിച്ചു. ഇതിന്റെ തുടർച്ചയായി ബസിൽ യാത്രക്കാരുടെ ഇരിപ്പിടത്തിന് മുന്നിലായി ഒരു കുടുക്ക സ്ഥാപിച്ചു. ബസിൽ കയറുന്നവരോട് റിൻസ് തങ്ങളുടെ ചികിത്സാ സഹായ പദ്ധതിയെക്കുറിച്ച് പറയും. ലഭിക്കുന്ന പണം അതാത് ദിവസം എണ്ണി തിട്ടപ്പെടുത്തി ബാങ്കിൽ സൂക്ഷിച്ചിരിക്കുകയാണ്. നവംബർ 20 വരെ ലഭിക്കുന്ന പണം ഒരുമിച്ച് ദമ്പതിമാർക്ക് കൈമാറാനാണ് തീരുമാനം. തുടർച്ചയായി കീമോതെറാപ്പി ചെയ്തതിനാൽ ഭർത്താവിന് യാത്രചെയ്യാൻ പറ്റാത്ത അവസ്ഥയായി. ശാരീരികാവശതകൾ ഉണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് മൂലം തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തിലുള്ള ജോലിചെയ്യാൻ ഭാര്യ എല്ലാ ദിവസവും എത്തും. സൗജന്യ യാത്രയാണ് ഒരുക്കിയിരിക്കുന്നത്. പ്രൈവറ്റ് സ്റ്റാൻഡിൽ ബസിന്റെ ട്രിപ്പ് അവസാനിക്കുമെങ്കിലും, യാത്രക്കാരിയെ ജോലി ചെയ്യുന്ന സ്ഥാപനത്തിന് മുന്നിലെത്തിക്കാനായി രണ്ട് കിലോമീറ്ററോളം അധികവും ബസ് സഞ്ചരിക്കുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *