ബലാത്സംഗ കേസിലെ; പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് എല്‍ദോസ് കുന്നപ്പിള്ളിക്ക് കൊടുക്കില്ല.
കൊച്ചി : ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ രഹസ്യമൊഴി കോടതി ഓഫീസറുടെ സാന്നിധ്യത്തില്‍ പരിശോധിക്കാന്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് ഹൈക്കോടതി അനുമതി. പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന് എല്‍ദോസിന്റെ ആവശ്യത്തെ സര്‍ക്കാരും പരാതിക്കാരിയും എതിര്‍ത്തിരുന്നെങ്കിലും, കോടതി രഹസ്യമൊഴി പരിശോധിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.
മുദ്രവച്ച കവറിലാണ് രഹസ്യമൊഴിയുള്ളതെന്ന് സര്‍ക്കാരും മൊഴി പകര്‍പ്പ് നല്‍കരുതെന്ന് പരാതിക്കാരിയും കോടതിയോട് ആവശ്യപ്പെട്ടു. ഇതോടെയാണ് കോടതി ഓഫീസറുടെ സാന്നിധ്യത്തില്‍ രഹസ്യമൊഴി പരിശോധിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ എല്ലാ ദിവസവും എല്‍ദോസ് ഹാജരാകണമെന്ന ഇടക്കാല ഉത്തരവ് കോടതി തിങ്കളാഴ്ച വരെ നീട്ടി.
അതേസമയം, ബലാത്സംഗ കേസിലെ പ്രതിയായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ അധ്യാപിക ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. പ്രതിക്ക് ജാമ്യം നല്കിയ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവ് നിയമപരമല്ലെന്നും കോടതിക്ക് നല്കിയ രഹസ്യം മൊഴിയില്‍ ബലാത്സംഗം സംബന്ധിച്ച വിശദമായ വിവരം നല്‍കിയിട്ടുണ്ടെന്നും ഇത് പരിഗണിച്ച് ജാമ്യം റദ്ദാക്കണമെന്നുമാണ് ആവശ്യം.