വാളയാർ പീഡന കേസില്‍ തുടർ അന്വേഷണം നടത്താൻ സിബിഐയുടെ പുതിയ ടീം.
വാളയാർ പീഡന കേസില്‍ തുടർ അന്വേഷണം നടത്താൻ സിബിഐയുടെ പുതിയ ടീം. സിബിഐ കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി വി എസ് ഉമയുടെ നേതൃത്യത്തിലാണ് അന്വേഷണം നടക്കുക. ഇത് സംബന്ധിച്ച റിപ്പോർട്ട് സിബിഐ പാലക്കാട് പോക്സോ കോടതിയിൽ സമർപ്പിച്ചു. മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ സിബിഐ അന്വേഷണം കാര്യക്ഷമമല്ലാത്തതിനാലാണ് പാലക്കാട് പോക്സോ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. പൊലീസ് കണ്ടെത്തൽ തന്നെയാണ് സിബിഐയും ആവർത്തിച്ചതെന്നും പുതിയ കണ്ടെത്തലുകളൊന്നും ഇല്ലെന്നും കോടതി ഉത്തരവിൽ പറഞ്ഞിരുന്നു. പഴവീഞ്ഞ് പുതിയ കുപ്പിയിലാക്കി നൽകിയതാണെന്നാണ് കോടതി ഉത്തരവിലെ പരാമർശം.
നേരിട്ടുള്ള തെളിവ് ലഭ്യമല്ലെങ്കിൽ എന്ത് കൊണ്ട് കുറ്റവാളികളെ ശിക്ഷിക്കാൻ പാകത്തിനുള്ള സാഹചര്യത്തെളിവുകൾ ഉറപ്പാക്കിയില്ലെന്നും കോടതി ചോദിച്ചിരുന്നു. ഓഗസ്റ്റ് പത്തിനാണ് പാലക്കാട് പോക്സോട് കോടതി (ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ) വാളയാർ കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടത്. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ പ്രത്യേക കുറ്റാന്വേഷണ വിഭാഗത്തിന് കീഴിൽ തുരന്വേഷണം നടത്തണം എന്നാണ് പാലക്കാട് പോക്സോ കോടതി ആവശ്യപ്പെട്ടത്.